ഹൗസ് സർജന്മാരുടെ സമരം: അനുനയ നീക്കവുമായി സർക്കാർ; ചർച്ചയ്ക്ക് വിളിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 10:54 AM  |  

Last Updated: 13th December 2021 11:02 AM  |   A+A-   |  

veena george

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പി ജി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ, പ്രശ്‌നപരിഹാരത്തിന് ശ്രമവുമായി സര്‍ക്കാര്‍. ഹൗസ് സര്‍ജ്ജന്മാരെ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചകള്‍ക്കായി മന്ത്രിയുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം നല്‍കിയത്.

ഹൗസ് സർജന്മാർ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ പി ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപൻഡ് വർധന, പി ജി വിദ്യാർത്ഥികളുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവ ആരോപിച്ചാണ് ഒ പിയിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.

മെഡിക്കൽ കോളേജിൽ പി ജി ഡോക്ടർമാരുടെ സമരം 13-ാം ദിവസത്തിലേക്കു കടന്നു. ഇതേത്തുടർന്ന്ത് ചികിത്സാ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു തുടങ്ങി. മറ്റ് ആശുപത്രികളിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് സൂചന. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും.