'ഹിന്ദുവും ഹിന്ദുത്വയും'; രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്; കേരളത്തിലും അതു പറയും: വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 12:25 PM  |  

Last Updated: 13th December 2021 12:25 PM  |   A+A-   |  

satheeshan

വിഡി സതീശന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ചിത്രം

 

കൊല്ലം: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലും ആ നിലപാട് തന്നെ പറയുമെന്നും സതീശന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

'ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്, ഹിന്ദുത്വ  രാഷ്ട്രീയ അജന്‍ഡയും. ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങള്‍ വിമര്‍ശിക്കും. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ട. അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് നയം തന്നെയാണ്''- സതീശന്‍ പറഞ്ഞു. 

വിലക്കയറ്റത്തിനെതിരേ രാജസ്ഥാനിലെ ജയ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ റാലിയിലാണ് ഹിന്ദുത്വയെയും ഹിന്ദുവിനെയും കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം വന്നത്. ഇതു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചിരുന്നു.

കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതു സംഘപരിവാര്‍ ശക്തികളാണെന്നും പേരുകള്‍ നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പൊലീസില്‍ ആര്‍എസ് എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന സിപിഐ ദേശീയ നേതാക്കളുടെ പ്രസ്താവന ശരിവെക്കുന്നതാണ് ആലുവയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.