നിര്‍ത്താതെ കരഞ്ഞു; 27 ദിവസം പ്രായമുള്ള കുഞ്ഞിനെ തല ഭിത്തിയിലടിച്ചു കൊന്നു: അമ്മ അറസ്റ്റില്‍

By സമകാലികമലായളം ഡെസ്‌ക്   |   Published: 13th December 2021 06:07 PM  |  

Last Updated: 13th December 2021 06:07 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യംചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുകയായിരുന്നു. 

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖങ്ങള്‍ വന്നിരുന്നതായാണ് അമ്മയുടെ മൊഴി. സംഭവദിവസം കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. 

ബ്ലസിയുടെ ഭര്‍ത്താവ് ബെന്നി സേവ്യര്‍ കാവാലം സ്വദേശിയാണ്. ഇരുവരും കുറച്ചുകാലമായി റാന്നിയിലാണ് താമസിച്ചിരുന്നത്. റാന്നിയിലെ ഒരു ആശ്രമത്തിലായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.