ഇതു മനുഷ്യ വിരുദ്ധം, പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല; തലച്ചുമട് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 04:43 PM  |  

Last Updated: 14th December 2021 04:43 PM  |   A+A-   |  

headload workers

പ്രതീകാത്മക ചിത്രം

 

കൊച്ചി: വലിയ ഭാരം തലച്ചുമടായി കൊണ്ടുപോവുന്നത് മനുഷ്യ വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇതിന് അനുമതി നല്‍കുന്ന ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് പഴയ കാലത്തിന്റെ അവശിഷ്ടമാണെന്നും കോടതി പറഞ്ഞു. ഇത്തരം തൊഴില്‍ ചെയ്യുന്നവരുടെ ദുരിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

''തലച്ചുമട് എടുക്കല്‍ അവസാനിപ്പിക്കേണ്ടതാണ്, അതൊരു മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണ്. പൗരന്മാരെ ഈ ദുരിതത്തിലേക്കു വിട്ടുനല്‍കാന്‍ നമുക്കെങ്ങനെ കഴിയും? - ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. 

ലോഡിങ് പണി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കുകയും അതിന് പരിശീലനം നല്‍കുകയും വേണമെന്ന് കോടതി പറഞ്ഞു. തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുക എന്നത് കോടതിയുടെ ഉദ്ദേശ്യമല്ലെന്ന് ബെഞ്ച് വിശദീകരിച്ചു. 

പാവപ്പെട്ടവരാണ് ലോഡിങ് തൊഴിലാളികളായി വരുന്നത്. അവര്‍ക്കു മറ്റു ജോലികള്‍ ചെയ്യാനാവില്ല. ഇത് നിക്ഷിപ്ത താത്പര്യക്കാര്‍ മുതലാക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

വലിയ ഭാരം തലയിലോ ശരീരത്തിലോ ദീര്‍ഘകാലം ചുമക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പേശികളെയും അസ്ഥികളെയും അതു ബാധിക്കും. നട്ടെല്ലിനു വരെ അതു ക്ഷതമുണ്ടാക്കും. ലോകത്ത് എവിടെയും സ്വന്തം പൌരന്മാരെക്കൊണ്ട് ഇത്തരം പ്രവൃത്തി ചെയ്യിക്കുന്നുണ്ടാവില്ല. അവര്‍ ഒന്നുകില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കും, അല്ലെങ്കില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവരും.- കോടതി പറഞ്ഞു.

പരിഷ്‌കൃതമായ ഒരു സമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യമാണോ ഇത്? നമ്മള്‍ വിചാരിക്കുന്നത്രയൊന്നും പരിഷ്‌കൃതരല്ല. നമ്മള്‍ ഇത് അംഗീകരിക്കുന്നു, നമ്മുടെ നിയമവും ഇത് അംഗീകരിക്കുന്നു. അന്‍പതു വര്‍ഷം പഴക്കമുള്ളതാണ് ഈ നിയമം. അതു മാറിയേ തീരൂ. തൊഴിലാളികളുടെ ദുരിതം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കോടതി നിര്‍ദേശിച്ചു.