കുറുക്കന്‍മൂലയിലെ കടുവയെ തിരയാന്‍ ആനകളും; കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പൊലീസ് സംരക്ഷണം, രാത്രി പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

പാല്‍-പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മാനന്തവാടി: കടുവാ ഭീതിയില്‍ കഴിയുന്ന കുറുക്കന്‍മൂലയിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ പൊലീസ് സംരക്ഷണം നല്‍കും. പാല്‍-പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കും. കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും. രാത്രികാലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി. കടുവയെ തിരയാന്‍ കുങ്കി ആനകളെയും ഏര്‍പ്പെടുത്തി. പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുങ്കി ആനകളെ മേഖലയിലേക്ക് കൊണ്ടുപോയി. 

രണ്ടാഴ്ചയോളമായി മാനന്തവാടി നഗരസഭ പരിധിയില്‍പ്പെടുന്ന കുറുക്കന്‍മല, പയ്യമ്പള്ളി, പടമല, ചെറൂര്‍ പ്രദേശങ്ങളില്‍ കടുവ ചുറ്റിക്കറങ്ങുകയാണ്. കൂട്ടിലാക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനകളെ ഇറക്കിയുള്ള തെരച്ചിലിന് ശ്രമിക്കുന്നത്. 

നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം കടുവ കൊന്നു. കടുവയെ പിടികൂടാന്‍ കുറുക്കന്‍മൂലയിലും ചെങ്ങോത്ത് കോളനിക്കു സമീപത്തുമായി 2 കൂടുകള്‍ കൂടി  സ്ഥാപിച്ചു. ഇതോടെ ആകെ കൂടുകളുടെ എണ്ണം അഞ്ചായി. കൂട്ടിനുള്ളിലേക്ക് കടുവയെ ആകര്‍ഷിക്കാനായി ജീവനുള്ള ആടിനെ ഇരയായി 5 കൂടുകളിലും  കെട്ടിയിട്ടുണ്ട്. 

പ്രദേശത്തെ പലയിടത്ത് നിന്നായി ലഭിച്ച കടുവയുടെ കാല്‍പാടുകള്‍ പരിശോധിച്ച് കടുവയുടെ സഞ്ചാരപാത കണക്കാക്കിയാണ് കൂടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വനപാലകര്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ക്യാമറകളുടെ എണ്ണം 20 ആയി. ക്യാമറകളില്‍ കടുവയുടെ ദൃശ്യം പതിഞ്ഞെങ്കിലും നേരില്‍ കാണാന്‍ കഴിയാത്തത് കടുവയെ കുരുക്കാനുള്ള നീക്കത്തിനു തിരിച്ചടിയാകുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com