മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്

പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും
കേരള കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനം നടത്തുന്നു/ ഫയൽ
കേരള കോൺ​ഗ്രസ് നേതാക്കൾ വാർത്താസമ്മേളനം നടത്തുന്നു/ ഫയൽ

തിരുവനന്തപുരം:  മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ഉപവാസ സമരം. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും. 

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും, ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. 

തമിഴ്‌നാട് ഇന്ന് മറുപടി നല്‍കിയേക്കും

അതിനിടെ, മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. കേസ് നാളെ പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി തമിഴ്‌നാട് ഇന്നുതന്നെ മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രി സമയത്ത് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ  മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ലെന്നും, സംസ്ഥാനത്തിന്റെ ആശങ്കകൾ തമിഴ് നാട് പരിഗണിക്കുന്നില്ലെന്നും കേരളം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ജനജീവിതം അപകടത്തിലാക്കുന്നു

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറിയത് അടക്കം കേരളം അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നും കേരളം ആവശ്യപ്പെടുന്നു.  സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മുല്ലപ്പെരിയാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കേസ് പരിഗണിച്ച  ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് മറുപടി നൽകാൻ തമിഴ്നാടിന് അനുമതി നൽകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com