കെ റെയിലിന് അനുകൂലമെന്ന വാദം തെറ്റ്; കൃത്യമായി പഠിക്കാന്‍ സമയം വേണം; ഒപ്പിടാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍

ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെ റെയിലിനെതിരെ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എം പി. പദ്ധതിയെ കുറിച്ച് വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിര്‍ക്കാനില്ല. പദ്ധതിയെ കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണെന്നും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പുവെച്ചിരുന്നില്ല. യുഡിഎഫിന്റെ 18 എംപിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവെച്ചു. നിവേദനം നല്‍കിയ എം.പിമാരുമായി ബുധനാഴ്ച റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 63,941 കോടി രൂപയുടെ പദ്ധതി സംസ്ഥാനത്തെ കണക്കെണിയിലാക്കുന്നതാണെന്ന് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഇ ശ്രീധരന്‍ അടക്കം വിദഗ്ധര്‍ പദ്ധതിയെ എതിര്‍ത്തിട്ടുണ്ട്. അലൈന്‍മെന്റിലെ പോരായ്മകളും വന്‍സാമ്പത്തിക ബാധ്യതയുമുണ്ട്. 30,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും തകര്‍ക്കേണ്ടിവരും. വിദേശ വായ്പയുടെ മറവില്‍ വന്‍ സാമ്പത്തികക്രമക്കേട് നടക്കാന്‍ ഇടയുണ്ട്. പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ പാരിസ്ഥതിക അനുമതി തേടിയിട്ടില്ല. നീതി ആയോഗിന്റെ അനുമതിയും ലഭിച്ചിട്ടില്ല. നിയമങ്ങള്‍ അട്ടിമറിച്ചാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിനാല്‍ പദ്ധതി തടയണമെന്ന് റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം
 

തിരുവനന്തപുരം കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ ഞാൻ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാർത്താ മാധ്യമ സുഹൃത്തുക്കൾ മുഖേന അറിയാൻ കഴിഞ്ഞു.

ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞിരുന്നു.

അതു കൊണ്ടു തന്നെ ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്.

എന്റെ സുഹൃത്തുക്കളായ എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ നിന്ന് (ഇതിന് മുൻപ് ഞാൻ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്നങ്ങൾ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചിലവ്), തുടങ്ങിയവ.

ഇതെല്ലാം കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ.

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com