സമരം പതിനാലാം ദിവസത്തിലേക്ക്; പിജി ഡോക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച; സമവായത്തിന് സര്‍ക്കാര്‍ 

ആവശ്യത്തിന് നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍
ഡോക്ടർമാരുടെ സമരം/ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ഫോട്ടോ
ഡോക്ടർമാരുടെ സമരം/ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ഫോട്ടോ

തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ചര്‍ച്ച നടത്തുന്നത്. രാവിലെ 10.30 ന്‌ശേഷം ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു. സമരം പതിനാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സര്‍ക്കാര്‍ സമയവായ ശ്രമം നടത്തുന്നത്. എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അഞ്ചാംദിവസത്തിലേക്ക് കടന്നു. 

ആവശ്യത്തിന് നോണ്‍ അക്കാദമിക് റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍. നേരത്തെ ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് സര്‍ക്കാര്‍ കടുപിടുത്തത്തില്‍ നിന്നും അയഞ്ഞത്.

ഹൗസ് സര്‍ജന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തി

ഹൗസ് സര്‍ജന്മാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ ചര്‍ച്ച. പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സര്‍ജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്‍ജന്മാര്‍ക്ക് സെക്രട്ടറി ഉറപ്പ് നല്‍കി. പിന്നാലെ പിജി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.

ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു

സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ കഷ്ടത്തിലായി. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര്‍ജന്മാര്‍ കൂടി പണിമുടക്കിയതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം തകിടം മറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിംഗുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടു.  

പിജി ഡോക്ടര്‍മാരുടെ സമരത്തിന് ഐഎംഎയുടെ പിന്തുണ

അതിനിടെ പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ രംഗത്തെത്തി. ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഐഎംഎ നോക്കിയിരിക്കില്ലെന്ന് ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സമരത്തിനിറങ്ങാനും മടിക്കില്ലെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com