ഉറങ്ങി കിടക്കെ ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 08:38 PM  |  

Last Updated: 14th December 2021 08:38 PM  |   A+A-   |  

murder

പ്രതീകാത്മക ചിത്രം

 

കോട്ടയം: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ റോസന്ന അറസ്റ്റില്‍. മണര്‍കാട് പള്ളി പരിസരത്തുനിന്നാണ് പുതുപ്പള്ളി പെരുംകാവ് സ്വദേശിയായ യുവതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഷിജുവിനെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭാര്യ റോസന്നയും ആറ് വയസുകാരനായ മകനും ഒളിവില്‍ പോയിരുന്നു. 

നേരം പുലര്‍ന്നിട്ടും ഷിജുവിന്റെ വീട്ടില്‍ ആളനക്കം കാണാതായതോടെ, വീടിനു സമീപം താമസിക്കുന്ന സഹോദരന്റെ ഭാര്യ മറിയാമ്മ ജോണ്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പെരുങ്കാവ് കവലയ്ക്കു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിനു താഴെ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മറിയാമ്മ ബഹളം വച്ച് അയല്‍ക്കാരെ വിളിച്ചവരുത്തുകയായിരുന്നു.

തുടര്‍ന്നു പൊലീസിനെയും വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍, കൊലയ്ക്ക് ഉപയോഗിച്ച കൈക്കോടാലി വീട്ടില്‍നിന്നു ലഭിച്ചു. തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. ജില്ലയിലെ ഒരു അനാഥാലയത്തില്‍ കഴിഞ്ഞു വന്നിരുന്ന റോസന്നയെ 8 വര്‍ഷം മുന്‍പാണ് ഷിജു വിവാഹം കഴിച്ചത്. അതിനു ശേഷം പലതവണ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസന്ന, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അര്‍ധരാത്രിക്കു ശേഷമാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഉറങ്ങിക്കിടന്ന ഷിജുവിനെ റോസന്ന കൈക്കോടാലി കൊണ്ടു കഴുത്തിനു വെട്ടി. കട്ടിലില്‍നിന്നു താഴെ വീണ ശേഷം വീണ്ടും വെട്ടി. രാത്രി മുഴുവന്‍ വീട്ടില്‍ കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചയോടെയാണു മകനുമായി വീടു വിട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ റോസന്നയും മകനും വീട്ടില്‍ നിന്നു നടന്നു പോകുന്നത് പെരുങ്കാവ് കവലയില്‍ വച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.