മൂന്ന് ജനന തീയതി! ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ വെട്ടിലായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2021 08:37 AM  |  

Last Updated: 14th December 2021 08:37 AM  |   A+A-   |  

driving test

പ്രതീകാത്മക ദൃശ്യം

 

കൊച്ചി: മൂന്ന് ജനന തീയതിയുമായി ഡ്രൈവിങ് ടെസ്റ്റിനെത്തിയ വീട്ടമ്മ പൊല്ലാപ്പിലായി. സ്കൂൾ സർട്ടിഫിക്കറ്റിലും ആധാർ കാർഡിലും നോട്ടറി സത്യവാങ്മൂലത്തിലും വ്യത്യസ്ത ജനന തീയതി കണ്ടെത്തിയതാണ് കുരുക്കായത്. ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയെന്നു മാത്രമല്ല, രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കാനായി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഫയൽ ആർടിഒക്കു നൽകി.

സ്കൂൾ സർട്ടിഫിക്കറ്റ് കൈവശമില്ലെന്ന് പറഞ്ഞ് നോട്ടറിയുടെ സാന്നിധ്യത്തിൽ ജനന തീയതി ബോധ്യപ്പെടുത്തി തയ്യാറാക്കിയ സത്യപ്രസ്താവനയുമായാണ് ലേണേഴ്സ് പരീക്ഷ പാസായത്. പ്രാക്ടിക്കൽ ടെസ്റ്റിന് സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സ്കൂൾ സർട്ടിഫിക്കറ്റുമായി വന്നപ്പോൾ അതിൽ മറ്റൊരു ജനന തീയതി. രണ്ടും തമ്മിൽ ചേരാതെ വന്നതിനാൽ ആധാർ കാർഡ് പരിശോധിച്ചു. ഇതിൽ മൂന്നാമതൊരു ജനന തീയതിയാണ് അധികൃതർ കണ്ടെത്തിയത്. 

രേഖകളിൽ പിശകു പറ്റിയതാണോ വ്യാജമായി ചമച്ചതാണോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. രേഖകളിൽ ഏതാണ് യഥാർത്ഥ ജനന തീയതി എന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് മോട്ടർ വാഹന വകുപ്പ്.