ചെലവും വന്‍ ലാഭവും നേടിയെന്ന വാദം അടിസ്ഥാനരഹിതം; പാലിയേക്കരയിലെ ടോള്‍ പിരിവിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th December 2021 12:47 PM |
Last Updated: 15th December 2021 12:47 PM | A+A A- |

പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
കൊച്ചി: തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍. ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കരുതെന്ന് ദേശീയ പാത അതോറിട്ടി ഹൈക്കോടതിയെ നിലപാട് അറിയിച്ചു. ചെലവും വന്‍ ലാഭവും നേടിയെന്ന വാദം അടിസ്ഥാനരഹിതമാണ്. ടോള്‍ നിരക്ക് പുതുക്കി നിശ്ചയിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന വാദം തെറ്റാണ്. ദേശീയപാതയില്‍ മെയിന്റനന്‍സ് അടക്കം മേല്‍നോട്ടം വഹിക്കുന്നത് കരാര്‍ കമ്പനിയാണ്. ദേശീയപാതയില്‍ ടോള്‍ പിരിക്കാനും നിരക്ക് നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലടക്കം പണപ്പിരിവ് നടക്കുന്നുണ്ട്. അത് ഓരോ വര്‍ഷവും പുതുക്കുന്നുമുണ്ട്. നിര്‍മ്മാണച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ പിരിച്ച തുക വളരെ വലുതാണ്. അതുകൊണ്ടു തന്നെ കോടതി ഇടപെട്ട് ടോള്‍ പ്ലാസയിലെ പിരിവുകള്‍ അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. അറ്റകുറ്റപ്പണികള്‍ പോലും യഥാസമയം നടത്താതെയാണ് ടോള്‍ പിരിവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ടോള്‍ നിരക്ക് 50 രൂപ വരെ കൂട്ടി
പാലിയേക്കര ടോള്‍പ്ലാസയില്‍ സെപ്തംബര്‍ ഒന്നുമുതല്‍ അഞ്ച് രൂപ മുതല്‍ 50 രൂപ വരെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.