ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം; മുന്നേ നടന്ന് ബാലുശ്ശേരി ഗവ.എച്ച്എസ്എസ്, പ്രതിഷേധവുമായി എംഎസ്എഫ്

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നു
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌
ചിത്രം: ടിപി സൂരജ്/എക്‌സ്പ്രസ്‌

കോഴിക്കോട്: സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുന്നു. കോഴിക്കോട് ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ പ്ലസ് വിദ്യാര്‍ത്ഥികളാണ് ആശയത്തില്‍ പങ്കാളികളായിരിക്കുന്നത്. 

'ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി നിര്‍വഹിക്കും. 

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രവേശനമുള്ളതാണ്. എറണാകുളം ജില്ലയിലെ  വളയന്‍ചിറങ്ങര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്‌സ് യൂണിഫോം ആശയം നടപ്പാക്കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേരീതിയിലുള്ള യൂണിഫോം എന്നതാണ് ആശയത്തിന്റെ പ്രത്യേകത. ഇത് പ്രശംസനീയമായ നടപടിയാണെന്നും ലിംഗഭേദമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. 

എംഎസ്എഫ് പ്രതിഷേധം 

അതേസമയം, ആശയത്തിന് എതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എംഎസ്എഫ് രംഗത്തുവന്നിട്ടുണ്ട്. സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് എംഎസ്എഫ് തീരുമാനം. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്എഫ് പ്രവര്‍ത്തകരുമെത്തി. കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുളള കടന്നുകയറ്റമെന്നും എംഎസ്എഫ് ആരോപിക്കുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്കോ, കുട്ടികള്‍ക്കോ ഇല്ലാത്ത ആശങ്കയാണ് എതിര്‍ക്കുന്നവര്‍ക്കെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com