'അത് വയനാട്ടിലെ കടുവയല്ല'; കുറുക്കന്‍മൂലയില്‍ കറങ്ങുന്നത് കര്‍ണാടകയിലെ കടുവയെന്ന് നാട്ടുകാര്‍, കേരള അതിര്‍ത്തിയില്‍ തുറന്നുവിട്ടെന്ന് ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 12:12 PM  |  

Last Updated: 15th December 2021 12:12 PM  |   A+A-   |  

kurukkanmoola-tiger

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം


മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയില്‍ ഭീതിപരത്തുന്ന കടുവ വയനാടാന്‍ വനത്തിലുള്ളതല്ലെന്ന് നാട്ടുകാര്‍. കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പിടികൂടി കേരള അതിര്‍ത്തിയില്‍ തുറന്നുവിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വയനാട്ടിലെ ഡേറ്റാബേസിലുള്ളതല്ല കടുവയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുറിവേറ്റ പാടുകളുള്ള കടുവയുടെ ചിത്രമാണ് ക്യാമറകളില്‍ പതിഞ്ഞിരിക്കുന്നത്. ഇത് നാട്ടുകാരുടെ സംശയം വര്‍ധിപ്പിക്കുന്നു.  

അതേസമയം, ഇന്നു പുലര്‍ച്ചെയും കടുവ നാട്ടിലിറങ്ങി. കടുവയുടേതെന്ന് കരുതുന്ന പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് സംഘം മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്.

കടുവയെ തിരയുന്നതിനായി ഇന്നലെ രണ്ട് കുംകി ആനകളെ എത്തിച്ചിരുന്നു. രണ്ടാഴ്ചയോളമായി മാനന്തവാടി നഗരസഭ പരിധിയില്‍പ്പെടുന്ന കുറുക്കന്‍മൂല, പയ്യമ്പള്ളി, പടമല, ചെറൂര്‍ പ്രദേശങ്ങളില്‍ കടുവ ചുറ്റിക്കറങ്ങുകയാണ്. കൂട്ടിലാക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനകളെ ഇറക്കിയുള്ള തെരച്ചിലിന് ശ്രമിക്കുന്നത്.

നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം കടുവ കൊന്നു. കടുവയെ പിടികൂടാന്‍ കുറുക്കന്‍മൂലയിലും ചെങ്ങോത്ത് കോളനിക്കു സമീപത്തുമായി 2 കൂടുകള്‍ കൂടി സ്ഥാപിച്ചു. ഇതോടെ ആകെ കൂടുകളുടെ എണ്ണം അഞ്ചായി. കൂട്ടിനുള്ളിലേക്ക് കടുവയെ ആകര്‍ഷിക്കാനായി ജീവനുള്ള ആടിനെ ഇരയായി 5 കൂടുകളിലും കെട്ടിയിട്ടുണ്ട്.

അതേസമയം, മേഖലയിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാനായി പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.പാല്‍-പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കും. കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും. രാത്രികാലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി