'ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതികളില്‍ മാത്രം  നിക്ഷേപിക്കൂ', കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക് രണ്ടുവയസ്, പിഎച്ച് കുര്യന്‍ അഭിമുഖം

പദ്ധതി പുരോഗമിക്കുന്നത് അനുസരിച്ച് മാത്രമേ പണം നല്‍കാവൂ
പി എച്ച് കുര്യന്‍
പി എച്ച് കുര്യന്‍

തിരുവനന്തപുരം:  വീടോ, ഫ്‌ലാറ്റോ, അപാര്‍ട്ട്‌മെന്റോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി(കെ- റേറ) അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതികളില്‍ മാത്രമേ പണം നിക്ഷേപിക്കാവൂ എന്ന് ചെയര്‍മാന്‍ പി എച്ച് കുര്യന്‍. പദ്ധതി പുരോഗമിക്കുന്നത് അനുസരിച്ച് മാത്രമേ പണം നല്‍കാവൂ. പകുതി പണിയാകുന്നതിനു മുന്‍പേ പണം അധികമായോ പൂര്‍ണമായോ നല്‍കിയവരാണ് തങ്ങള്‍ക്ക് മുന്‍പാകെയുള്ള പരാതിക്കാരില്‍ അധികവുമെന്നും പി എച്ച് കുര്യന്‍ പറഞ്ഞു.കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവില്‍ വന്ന് രണ്ടുവര്‍ഷം പിന്നിട്ട വേളയില്‍ സംസാരിക്കുകയായിരുന്നു പി എച്ച് കുര്യന്‍


കെ-റേറ സ്ഥാപിതമായിട്ട് രണ്ടുവര്‍ഷമായി. എങ്ങനെയാണ് താങ്കള്‍ അതിന്റെ ഇതുവരെയുള്ള പ്രകടനത്തെ വിലയിരുത്തുന്നത്?

2019 ഒക്ടോബറിലാണ് അഥോറിറ്റി സ്ഥാപിതമായതെങ്കിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച സന്ദേശം ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കിടയില്‍ എത്തിക്കാന്‍ കുറച്ചധികം മാസങ്ങളെടുത്തു. ഉപഭോക്താക്കള്‍ക്കും ബില്‍ഡര്‍മാര്‍ക്കുമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനായിട്ടാണ് ആദ്യത്തെ കുറച്ചുമാസങ്ങള്‍ ചെലവിട്ടത്. ഇതുവരെ 1,000 കേസുകള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ അഞ്ഞൂറെണ്ണം തീര്‍പ്പാക്കി. ഞങ്ങളുടെ പരിധിയില്‍ പെടുന്നതല്ലായ്കയാല്‍ അവയില്‍ ചിലത് പരിഗണനയ്‌ക്കെടുക്കാതെ വിട്ടു. 2017 മെയ് ഒന്നിനു മുന്‍പ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്  ലഭ്യമാക്കിയ പ്രൊജക്ടുകള്‍ ഒന്നും തന്നെയും ഞങ്ങളുടെ പരിധിയില്‍ വരുന്നതല്ല. 

കുറേയാളുകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. ജോലിയില്‍ നിന്നു വിരമിച്ചശേഷം തങ്ങളുടെ  സ്വപ്നഭവനങ്ങള്‍ക്കായി ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ ചെലവിട്ടവരും വിദേശ ഇന്ത്യക്കാരുമൊക്കെ ഇങ്ങനെ നീതി ലഭിച്ചവരിലുണ്ട്. ന്യായമായ പരാതിയുമായി അതോറിറ്റിയെ സമീപിക്കുന്ന ഏതൊരു ഉപഭോക്താവിനും അതോറിറ്റിയില്‍ നിന്നും ആശ്വാസം ലഭിക്കുമെന്ന് തീര്‍ച്ചയാണ്. 2016ലെ  റിയല്‍ എസ്‌റ്റേറ്റ് (റഗുലേഷന്‍ ആന്റ് ഡവല്പ്‌മെന്റ് ) ആക്ടിലെ കര്‍ശനമായ വകുപ്പുകളാണ് ഞങ്ങളുടെ പ്രവര്‍ത്തനത്തിന് ആധാരം. പ്രൊജക്ട് രജിസ്‌ട്രേഷനും കൂടിയിട്ടുണ്ട്. ഇതുവരെ 646 പ്രൊജക്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ 201 എണ്ണം ഉപഭോക്താക്കള്‍ കൈമാറിയിട്ടുള്ളതാണ്. 

അതോ​റിറ്റിയുടെ മുന്‍പാകെ വരുന്ന പരാതികളുടെ പ്രകൃതമെന്തെന്ന് വിശദീകരിക്കാമോ?

പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ വില്ലകളുടേയും അപാര്‍ട്ട്‌മെന്റുകളുടേയും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെയുള്ളതാണ് കേസുകളില്‍ ഭൂരിഭാഗവും. അത്തരം കേസുകളില്‍ പരാതിക്കാര്‍ക്ക് രണ്ടു പരിഹാരങ്ങള്‍ തേടാവുന്നതാണ്പണം റീഫണ്ട് ചെയ്തുകിട്ടണമെന്നോ വാഗ്ദാനം ചെയ്ത വീട് അവര്‍ക്ക് ഉടന്‍ ലഭിക്കണമെന്നോ ആവശ്യപ്പെടാം. റീഫണ്ടിംഗ് ആവശ്യപ്പെടുന്നതിന് യോഗ്യതയുള്ള പരാതികളില്‍ പരാതിക്കാര്‍ക്ക് പലിശയും നഷ്ടപരിഹാരവുമടക്കം റീഫണ്ട് ആവശ്യപ്പെടാം. 

യൂണിറ്റ് തങ്ങള്‍ക്ക് കൈമാറണമെന്നാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നതെങ്കില്‍ ബില്‍ഡറുമായും ഉപഭോക്താവുമായും ചര്‍ച്ച ചെയ്തശേഷം  നിര്‍മാണം പൂര്‍ത്തീകരിച്ചുനല്‍കുന്നതിനു ഒരു പുതിയ തിയതി ഞങ്ങള്‍ നിശ്ചയിച്ചുനല്‍കും. അതിന്‍പ്രകാരമുണ്ടാകുന്ന ഉത്തരവു പാലിക്കാത്ത പക്ഷം ബില്‍ഡര്‍ പ്രൊജക്ട് ചെലവിന്റെ അഞ്ചുശതമാനം ദിനേന ഉപഭോക്താവിനു പെനാല്‍റ്റിയായി നല്‍കേണ്ടതായും വരും. യൂണിറ്റ് കൈമാറുന്നതുവരെ ഈ പെനാല്‍റ്റി ഉപഭോക്താവിനു നല്‍കിക്കൊണ്ടിരിക്കേണ്ടിവരും. 

പൂര്‍ത്തീകരിച്ചുനല്‍കാമെന്ന് പറഞ്ഞ ഒറിജിനല്‍ തിയതിവരേയുള്ള പലിശയ്ക്ക് പുറമേയാണിത്. സാധാരണഗതിയില്‍ ബില്‍ഡര്‍മാര്‍ ഉത്തരവനുസരിച്ച് നീങ്ങാറാണ് പതിവ്. എന്തെന്നാല്‍ പെനാല്‍റ്റി അവര്‍ക്ക് ഭീമമായ സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കുക. വിശേഷിച്ചും ചെലവേറിയ പ്രൊജക്ടുകളുടെ കാര്യത്തില്‍. പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറിക്കഴിഞ്ഞിട്ടും ആധാരം നടത്തിയില്ല തുടങ്ങിയതുപോലുള്ള പരാതികളിലും അതോറിറ്റി തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്. അത്തരം കേസുകളില്‍ ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശം ഉടന്‍ കൈമാറണമെന്ന് കര്‍ശന ഉത്തരവ് നല്‍കുകയാണ് ചെയ്യാറുള്ളത്. 

ഒരു പെറ്റീഷനില്‍ തീര്‍പ്പാകുന്നതിനുള്ള സമയപരിധി എന്താണ്? ഒരു ഫോളോ അപ്പിനു സമയമില്ലാത്ത വിദേശത്തു ജീവിക്കുന്ന കേരളീയരാണ് പരാതിക്കാരിലേറെയും എന്നതിനാലാണ് ഈ ചോദ്യം. 

പലതരത്തിലുള്ള പരിഹാരങ്ങളാവശ്യമുള്ളവയും വ്യത്യസ്തപ്രകൃതത്തിലുള്ളവയുമാണ് പരാതികള്‍ എന്നതിനാല്‍ അവയ്ക്ക് തീര്‍പ്പ് കല്‍പിക്കുന്നതിനു ഒരു സമയപരിധി നിര്‍ണയിക്കുക സുസാധ്യമല്ല. ഇതുവരെ മിക്കവാറും കേസുകള്‍ക്ക് മൂന്നുമുതല്‍ ആറുവരെയുള്ള മാസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പായിട്ടുണ്ട്.  പരമോന്നത നീതിപീഠം ഈയിടെ പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം തീര്‍പ്പാകുന്നതിനുള്ള സമയപരിധി ഇനിയും ചുരുങ്ങും. നേരത്തെ കേസുകള്‍ കേട്ടിരുന്നത് ഒരു മൂന്നംഗ ബെഞ്ചാണ്. പക്ഷേ കഴിഞ്ഞമാസം സുപ്രിം കോടതി നല്‍കിയ ഉത്തരവ് ഒരു ഏകാംഗ ബെഞ്ചിന് കേസുകള്‍ കേള്‍ക്കാന്‍ അധികാരം നല്‍കുന്നുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ ഞങ്ങള്‍ മൂന്നുപേരാണ് കേള്‍ക്കുന്നത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കോ, രണ്ടു പേരോ മൂന്നു പേരോ ആയിട്ട്. 

നേരത്തേ കെറേറ താങ്കളുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഏജന്റുമാര്‍ക്കും റിയാല്‍റ്റര്‍മാര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ എത്രമാത്രം അവര്‍ നിയമത്തിനു വഴങ്ങുന്നവരായിട്ടുണ്ട്?

തീര്‍ച്ചയായും കൂടുതല്‍ പേര്‍ വഴങ്ങുന്നുണ്ട്. ഇതിനകം 646 പ്രൊജക്ടുകള്‍ രജിസ്റ്റര്‍ ചെയ്തു. അവയില്‍ 138 എണ്ണം പുതിയവയാണ്. ബാക്കിയുള്ളവ നടന്നുകൊണ്ടിരിക്കുന്നവയും. വ്യക്തികളും സ്ഥാപനങ്ങളുമടക്കം 206 റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍ രജിസ്റ്റര്‍ ചെയ്തു. ചെറുപട്ടണങ്ങളില്‍ ചില റിയാല്‍റ്റര്‍മാരും ഏജന്റുമാരുമൊക്കെ രജിസ്റ്റര്‍ ചെയ്യാതെ ഇപ്പോഴുമുണ്ടാകാം. അത്തരക്കാര്‍ ഇനി സുഗമമായി കാര്യങ്ങള്‍ നടന്നുകിട്ടാന്‍ എന്തായാലും പ്രയാസമാകും. ഒന്നാമതായി രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കനത്ത പെനാല്‍റ്റി അടയ്ക്കുന്നതിന് ഇടയാക്കും. രണ്ടാമതായി വീടുവാങ്ങുനുദ്ദേശിക്കുന്നവര്‍ റേറയില്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതികളെ സംബന്ധിച്ച്  കൂടുതലായി ബോധവാന്‍മാരാണ്. മൂന്നാമതായി ബാങ്കുകള്‍ ലോണ്‍ നല്‍കുന്നതിന് പദ്ധതി റേറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നത് മാന്‍ഡേറ്ററിയാണ്. 

വീട്/ഫ്‌ലാറ്റ്/അപാര്‍ട്‌മെന്റ് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് താങ്കള്‍ക്കു നല്‍കാനുള്ള ഉപദേശമെന്താണ്? വഞ്ചിക്കപ്പെടാതിരിക്കാന്‍ ചില സുരക്ഷാനിര്‍ദേശങ്ങള്‍ താങ്കള്‍ക്ക് നല്‍കാന്‍ കഴിയുമോ?

റേറയില്‍ രജിസ്റ്റര്‍ ചെയ്ത പദ്ധതികളില്‍ മാത്രം പണം നിക്ഷേപിക്കുകയെന്നതാണ് പ്രഥമമായും പ്രധാനമായും പറയാനുള്ള കാര്യം. രജിസ്‌ട്രേഷന്‍ കിട്ടുന്നതിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ബില്‍ഡര്‍ നേടിയിരിക്കണമെന്നതാണ് കാരണം. രണ്ടാമതായി പദ്ധതി പുരോഗമിക്കുന്നത് അനുസരിച്ചുള്ള പണം മാത്രമേ നല്‍കാവൂ. പകുതി പണിയാകുന്നതിനു മുന്‍പേ പണം അധികമോ പൂര്‍ണമായോ നല്‍കിയവരാണ് ഞങ്ങള്‍ക്കു മുന്‍പാകെയുള്ള പരാതിക്കാരില്‍ അധികവും. വിശ്വസിക്കാന്‍ കൊള്ളാത്ത ബില്‍ഡര്‍മാരുടെ പദ്ധതികളില്‍ പണം നിക്ഷേപിക്കരുത് എന്നതാണ് മൂന്നാമതു പറയാനുള്ള കാര്യം. അത്തരം ചില കേസുകളും ഞങ്ങളുടെ മുന്‍പാകെ വന്നിട്ടുണ്ട്. അവയില്‍ ഭൂരിഭാഗം കേസുകളിലും ബില്‍ഡര്‍മാര്‍ക്ക് തങ്ങളുടെ യൂണിറ്റുകളില്‍ കുറച്ചൊക്കെ വില്‍ക്കാനേ ആയിട്ടുണ്ടാകുകയുള്ളൂ. ബാക്കിയുള്ളവയുടെ നിര്‍മാണം പകുതി വെച്ച് നിലച്ചുപോയിരിക്കും. ഒരു പദ്ധതി തടസ്സപ്പെട്ടാല്‍ പിന്നെ പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നത് ഏതാണ്ട് അസാദ്ധ്യമാണ്. 

ബില്‍ഡര്‍മാരില്‍ സ്ഥിരമായി പിഴവുവരുത്തുന്നവരെ റേറ കരിമ്പട്ടികയില്‍ പെടുത്താറുണ്ടോ? 

ഇല്ല. നിയമം അതിനു അനുവദിക്കുന്നില്ല. എന്നിരുന്നാലും, ബില്‍ഡര്‍മാരെ റേറ്റ് ചെയ്യുന്നതിനുള്ള അധികാരം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ അതിനും സമയമെടുക്കും. കാരണം റേറ്റിംഗ് നല്‍കുന്നതിനു മുന്‍പ് അവരുടെ പ്രകടനം ഞങ്ങള്‍ക്ക് വിലയിരുത്തേണ്ടതുണ്ട്. പക്ഷേ ഞങ്ങളുടെ വെബ്‌സൈറ്റായ www.rera.kerala.gov.in വീടുവാങ്ങാനുദ്ദേശിക്കുന്നവരെ സംബന്ധിച്ചിടത്തോളം സഹായകരമായ ഒന്നാണ്. ഞങ്ങളുടെ എല്ലാ ഉത്തരവുകളും വെബ്‌സൈറ്റിലുണ്ട്. പിഴവു വരുത്തുന്ന റിയാല്‍റ്റര്‍മാരെ സംബന്ധിച്ചും ഈ മേഖലയിലെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നതിനും ഇതിലെ വിവരങ്ങള്‍ സഹായകമാണ്. 

ഞങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായത് സുതാര്യതയാണ്. റേറയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ബില്‍ഡര്‍ പദ്ധതി സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പ്രമോട്ടറുടെ ഓഡിറ്റ് ചെയ്യപ്പെട്ട ബാലന്‍സ്ഷീറ്റും ട്രാക്ക് റെക്കോര്‍ഡും ഭൂഉടമസ്ഥത സംബന്ധിച്ച രേഖകളും പദ്ധതിക്കുള്ള അനുമതികളും ബന്ധപ്പെട്ട അധികൃതരില്‍ നിന്നുമുള്ള എന്‍.ഓ.സിയും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.  പദ്ധതിയെ കുറിച്ച് പൂര്‍ണധാരണയുണ്ടാക്കി ഒരു തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് ഇത് ഉപഭോക്താവിനെ സഹായിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com