മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; അണക്കെട്ട് തുറക്കുന്നതില്‍ സംയുക്ത സമിതി സ്വീകാര്യമല്ലെന്ന് തമിഴ്‌നാട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 06:24 AM  |  

Last Updated: 15th December 2021 06:24 AM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രി സമയത്ത് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് മറുപടി സത്യവാങ്മൂലം നല്‍കി.  അണക്കെട്ടില്‍നിന്ന് ജലം തുറന്ന് വിടുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന കേരളത്തിന്റെ വാദം തമിഴ്‌നാട് തള്ളി. നവംബര്‍ മാസം മൂന്ന് തവണ പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അണക്കെട്ടില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാന്‍ സംയുക്ത സമിതി വേണമെന്ന ആവശ്യം സ്വീകാര്യമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ ഒരു സമിതി ആവശ്യമില്ല

അണക്കെട്ടില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്ന കേരളത്തിന്റെ ആവശ്യം സ്വീകാര്യമല്ല. നിലവില്‍ തന്നെ മേല്‍നോട്ട സമിതിയും അതിന്റെ ഉപസമിതിയും ഉണ്ട്. ഇതിന് പുറമെ ദുരന്ത നിവാരണ സമിതിയും നിലവിലുണ്ട്. അതിനാല്‍ പുതിയ ഒരു സമിതി ആവശ്യമില്ല.

പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു

നവംബര്‍ 14ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയാക്കിയപ്പോള്‍ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് നവംബര്‍ 18, 30 തീയതികളിലും കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പുറമെ ജലം തുറന്ന് വിടുന്നതിന് മുമ്പ് അറിയിപ്പ് നല്‍കിയിരുന്നതായും തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തെ കുറ്റപ്പെടുത്തി തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ മഴമാപിനി യന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പ് കേരളം ഇത് വരെ പാലിച്ചിട്ടില്ലെന്നും തമിഴ്‌നാട് ആരോപിക്കുന്നു. ഇത് കാരണം പെട്ടെന്ന് ഉണ്ടാകുന്ന മഴ പ്രവചിക്കാന്‍ കഴിയുന്നില്ല. ചില മണിക്കൂറുകളില്‍ പെട്ടെന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടും. എന്നാല്‍ തൊട്ടടുത്ത മണിക്കൂറില്‍ നീരൊഴുക്ക് കുറയും. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ നീരൊഴുക്ക് കൂടുന്നതിനാലാണ് പെട്ടെന്ന് ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നത്. ജലത്തിന്റെ ഒഴുക്ക് കണക്കാക്കാന്‍ കഴിയാത്തത്തിന്റെ ഉത്തരവാദി കേരളമാണെന്നും തമിഴ്‌നാട് മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

നാശനഷ്ടത്തിന്റെ ചിത്രങ്ങള്‍ക്ക് ആധികാരികതയില്ലെന്ന് തമിഴ്‌നാട്

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടത് കാരണമുണ്ടായ നഷ്ടം തെളിയിക്കുന്നതിന് കേരളം ഹാജരാക്കിയ ഫോട്ടോകള്‍ക്ക് ആധികാരികത ഇല്ലെന്നും തമിഴ്‌നാട് ആരോപിക്കുന്നു. എവിടെ നിന്ന് എടുത്ത ചിത്രങ്ങളെന്ന് വ്യക്തമല്ല. പെരിയാറിന്റെ തീരത്തുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആശങ്ക പരിഗണിക്കണമെന്ന് കേരളം

രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയത് അടക്കം കേരളം അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്‌നാടിന്റെ നടപടി തടയണമെന്നും കേരളം ആവശ്യപ്പെടുന്നു. വിഷയത്തില്‍ മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും, സംസ്ഥാനത്തിന്റെ ആശങ്കകള്‍ തമിഴ് നാട് പരിഗണിക്കുന്നില്ലെന്നും കേരളം പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.