'രാഷ്ട്രീയം കോടതിയില്‍ വേണ്ട'; മുല്ലപ്പെരിയാറില്‍ കേരളത്തിന് വിമര്‍ശനം, ആവശ്യം തള്ളി

മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേല്‍നോട്ട സമിതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേല്‍നോട്ട സമിതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി. വിഷയത്തില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മുല്ലപ്പെരിയാറിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കേരളവും തമിഴ്‌നാടും അവസാനിപ്പിക്കണമെന്നും ജസ്റ്റിസുമാരായ എ എം ഖന്‍വീല്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിന് എതിരെയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളി.

ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ ആദ്യം മേല്‍നോട്ട സമിതിയിയെയാണ് സമീപിക്കേണ്ടത്. മേല്‍നോട്ട സമതി നടപടി എടുക്കാത്തത് കേരളത്തില്‍ നിന്നുള്ള സമിതി അംഗത്തിന്റെ പരാജയമാണെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഇത്തരം ആവശ്യങ്ങളുമായി നിരന്തരം സുപ്രീംകോടതിയില്‍ എത്തരുതെന്നും ജസ്റ്റിസ് എ എം ഖന്‍വില്‍ക്കര്‍ പറഞ്ഞു. 

'രാഷ്ട്രീയ വാദങ്ങളാണ് ഇവിടെ ഉയര്‍ത്തിയത്. കോടതി രാഷ്ട്രീയ പ്രസ്താവന നടത്താനുള്ള സ്ഥലമല്ല. എല്ലാ ദിവസവും ഇത്തരത്തിലുള്ള അപേക്ഷകളുമായി വരാന്‍ സാധിക്കില്ല.'ജസ്റ്റിസ് ഖന്‍വീല്‍ക്കര്‍ പറഞ്ഞു. 

രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നതിലൂടെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സംഭവിക്കുന്നതെന്നും തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നും കേരളം വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു കോടതി നിലപാട്. മുല്ലപ്പെരിയാറിലെ റൂള്‍ കെര്‍വ്വുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി 11 ലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com