കരളിന് മുറിവ്, കുടലിന് ക്ഷതം; അയൽവാസിയുടെ വെടിയേറ്റ വളർത്തുപൂച്ച ചത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2021 09:59 AM  |  

Last Updated: 15th December 2021 09:59 AM  |   A+A-   |  

cat

വെടിയേറ്റ വളർത്തുപൂച്ച /ഫയല്‍

 

കോട്ടയം: വൈക്കം തലയാഴത്ത് അയൽവാസി വെടിവെച്ചു വീഴ്ത്തിയ പൂച്ച ചത്തു. തലയാഴം പരണത്തറ രാജന്റെ വീട്ടിലെ പൂച്ചയെയാണ് 
അയൽവാസി വെടിവെച്ച് വീഴ്ത്തിയത്. വെടിവെപ്പിൽ പൂച്ചയുടെ കരളിന് മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു.  കോട്ടയം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അയൽവാസിയായ രാഹുല്‍ നിവാസില്‍ രമേശനാണ് എയർ​ഗൺ ഉപയോ​ഗിച്ച് പൂച്ചയെ വെടിവെച്ചത്. തന്റെ വീട്ടിലെ പ്രാവുകളെ പിടിക്കാൻ എത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ഞായറാഴ്ച വൈകീട്ടാണ് രമേശൻ പൂച്ചയെ വെടിവെച്ചത്. 

ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തുമ്പോള്‍ പൂച്ച വീടിന് മുന്നിലുണ്ടായിരുന്നു. അല്‍പ്പസമയത്തിനകം വെടിയൊച്ച കേട്ടെന്നും പിന്നെ നോക്കുമ്പോള്‍ പൂച്ച കിടക്കുന്നതുമാണ് കണ്ടതെന്ന് രാജന്റെ വീട്ടുകാർ പറഞ്ഞു.  ഈ സമയം രമേശനെ തോക്കുമായി വീടിന് സമീപം നില്‍ക്കുന്നത് കണ്ടതായും രാജന്റെ കുടുംബം പറയുന്നു. കോട്ടയം വെറ്റിനറി ആശുപത്രിയില്‍ എത്തിച്ച പൂച്ചയ്ക്ക് പരിശോധനയില്‍ വെടിയേറ്റതായി കണ്ടെത്തിയിരുന്നു.