സ്ഥലം മാറ്റം ശിക്ഷയാണോ?; അച്ചടക്ക നടപടി വൈകുന്നതെന്ത്?; സര്‍ക്കാരിന് എതിരെ ഹൈക്കോടതി, പിങ്ക് പൊലീസിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടി

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
എട്ടുവയസ്സുകാരിയെയും അച്ഛനെയും ചോദ്യം ചെയ്യുന്ന രജിത/വീഡിയോ സ്‌ക്രീന്‍ഷോട്ട്
എട്ടുവയസ്സുകാരിയെയും അച്ഛനെയും ചോദ്യം ചെയ്യുന്ന രജിത/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസ്സുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി എടുക്കാന്‍ വൈകുന്നതു എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചു. 

പൊലീസുകാരിയുടേത് നിരുപാധിക മാപ്പപേക്ഷയല്ലെയെന്നും അംഗീകരിച്ചുകൂടെയന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എന്നാല്‍ കുട്ടി വലിയതോതിലുള്ള മാനസ്സിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി. കുട്ടിയ്ക്ക് മാനസ്സികാവസ്ഥയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ കോടതിയില്‍ അറിയിച്ചു. 

നേരത്തെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

തന്റെ പെരുമാറ്റം കൊണ്ട് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരൂമാനിക്കുന്നത് കുട്ടിയുടെ കുടുംബമാണെന്ന് വ്യക്തമാക്കിയിരുന്നു. 

കാക്കി കാക്കിയെ രക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നതാണ് പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി കൊണ്ടുള്ള റിപ്പോര്‍ട്ടെന്ന് കോടതി വിമര്‍ശിച്ചു. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം?, യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ? ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് വ്യക്തമാകും. എന്തുകൊണ്ട് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമം പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്നും കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മാനഹാനി പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതി ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com