പരാജയത്തില്‍ നിന്നും പാഠം പഠിച്ചു; ഇനി സജീവരാഷ്ട്രീയത്തിലേക്കില്ലെന്ന് ഇ ശ്രീധരന്‍

സിൽവർലൈൻ പദ്ധതിയിൽ ഗുരുതര പിഴവ്; നാടിന് ഗുണകരമല്ലെന്ന് ശ്രീധരൻ പറഞ്ഞു
ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം
ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠം പഠിച്ചെന്നും, സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതായും മെട്രോ മാന്‍ ഇ ശ്രീധരന്‍. എന്നാല്‍ രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് അര്‍ത്ഥമില്ലെന്നും ശ്രീധരന്‍ പറഞ്ഞു. 

രാഷ്ട്രീയത്തില്‍ ഇനി സജീവമായി ഉണ്ടാകില്ല. വയസ്സ് തൊണ്ണൂറായി. താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് രാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയത്തില്‍ അഡ്വാന്‍സ് സ്‌റ്റേജുകാരനാണ് താന്‍. കാര്യമായിട്ട് ആക്ടീവ് ആയിട്ട് വര്‍ക്ക് ചെയ്യുന്നില്ല. അതിന്റെ ആവശ്യവും ഇല്ല. 

രാഷ്ട്രീയത്തിലുള്ളതിനേക്കാള്‍ കൂടുതലായി പലകാര്യത്തിലും നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയപ്രവേശനം വേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ഇല്ല. അന്ന് തനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ പരാജയപ്പെട്ടപ്പോള്‍ നിരാശ തോന്നിയെന്നും ശ്രീധരന്‍ വ്യക്തമാക്കി. 

കെ റെയില്‍ പദ്ധതി നാടിന് ഗുണകരമല്ല

സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍, സില്‍വര്‍ ലൈന്‍ പദ്ധതിയെയും ശ്രീധരന്‍ വിമര്‍ശിച്ചു. പദ്ധതി നാടിന് ഗുണകരമല്ല. ആസൂത്രണത്തില്‍ ഗുരുതര പിഴവുകളുണ്ട്. താന്‍ വികസന പദ്ധതിക്ക് എതിരല്ല. കേരളത്തില്‍ തെക്കു-വടക്ക് അതിവേഗ റെയില്‍പ്പാത വേണമെന്ന അഭിപ്രായക്കാരനാണ്. അതിന്റെ ഭാഗമായിട്ടാണ് ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിയും പ്രോജക്ട് റിപ്പോര്‍ട്ടും ഉണ്ടാക്കിയത്. 

നല്ല പദ്ധതിയെങ്കില്‍ താനും ഒപ്പമുണ്ടാകുമായിരുന്നു

പക്ഷെ  ഈ സമയത്ത് ഇത്തരം വലിയ പദ്ധതി നടപ്പാക്കുന്നത് ശരിയല്ലെന്ന് ശ്രീധരന്‍ പറഞ്ഞു. പണമില്ലാതെ സംസ്ഥാനം വലിയതോതില്‍ ബുദ്ധിമുട്ടുന്ന സമയമാണ് ഇപ്പോള്‍. അതിനാല്‍ കൂടുതല്‍ വെയ്റ്റ് ചെയ്യണമായിരുന്നു. മാത്രമല്ല, ഇപ്പോഴത്തെ കെ റെയില്‍ പദ്ധതി വളരെ മോശമായി ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ശരിക്കുള്ള മാതിരി പദ്ധതി തയ്യാറാക്കിയിരുന്നെങ്കില്‍ താനും ഒപ്പമുണ്ടാകുമായിരുന്നു.

നാടിന് ഒട്ടേറെ ദോഷം ചെയ്യും

ഇപ്പോഴുള്ള പദ്ധതി നാടിന് പല ഉപദ്രവങ്ങളും ഉണ്ടാക്കും. അതുകൊണ്ടാണ് എതിര്‍ക്കുന്നത്. ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററോളം റെയില്‍ പാത പോകുന്നത്. ഇത്ര വേഗത്തില്‍ നിലത്ത് കൂടെ അതിവേഗ റെയില്‍ പോകുന്നത് വളരെ അപകടകരമാണ്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിചേര്‍ക്കാനോ കഴിയില്ല, അതിനാല്‍ ബ്രോഡ്‌ഗേജായാണ് പാത വേണ്ടത്. അധികൃതര്‍ അവകാശപ്പെടുന്നതു പോലെ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്നും ശ്രീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com