'കറിവേപ്പില പോലെ വലിച്ചെറിഞ്ഞു, സി എന്‍ മോഹനന് വ്യക്തിവൈരാഗ്യം'; ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പാര്‍ട്ടി വിട്ട്  സിപിഎം നേതാവ് 

എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പി എന്‍ ബാലകൃഷ്ണന്‍ സിപിഎം വിട്ടു
പി എന്‍ ബാലകൃഷ്ണന്‍,  ഫെയ്‌സ്ബുക്ക്‌
പി എന്‍ ബാലകൃഷ്ണന്‍, ഫെയ്‌സ്ബുക്ക്‌

കൊച്ചി: എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പി എന്‍ ബാലകൃഷ്ണന്‍ സിപിഎം വിട്ടു.സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ പി എന്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സി എന്‍ മോഹനന്റെ വീഴ്ചകള്‍ പാര്‍ട്ടി കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയതായും പി എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വേദിയിലിരിക്കെ ആയിരുന്നു പരസ്യ പ്രതിഷേധവുമായി പി എന്‍ ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയത്. 

കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത് അറിയിച്ചില്ല. അരനൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിനിടെ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. തന്നെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണം. അനുഭാവിയായി തുടരുമെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി. 

തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് അകാരണമായി ഒഴിവാക്കിയിരിക്കുന്നുവെന്നും ഇതില്‍ പ്രതിഷേധമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ സമ്മേളന വേദിയില്‍ നിന്ന് ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയത്. പിന്നീട് പാര്‍ട്ടി വിടുന്നുവെന്ന് അറിയിക്കുകയായിരുന്നു.എന്നാല്‍ ചില ആളുകള്‍ ഒഴിവായാല്‍ മാത്രമേ മറ്റു ചില ആളുകള്‍ക്ക് വരാന്‍ കഴിയൂ എന്നാണ് പാര്‍ട്ടി വിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com