പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ചു; അച്ഛന് 30 വര്‍ഷം കഠിനതടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2021 07:14 AM  |  

Last Updated: 16th December 2021 07:14 AM  |   A+A-   |  

judge-kouB--621x414@LiveMint

പ്രതീകാത്മക ചിത്രം

 

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. 

മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എംഎന്‍ പുഷ്‌കരന്‍ ഹാജരായി. മുണ്ടക്കയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് അച്ഛന്‍ പീഡിപ്പിച്ചു എന്നാണ് കേസ്. 

കേസിന്റെ വിസ്താര വേളയില്‍ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാല്‍ വീണ്ടും വിസ്തരിച്ചപ്പോള്‍, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛന്‍ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.

അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സലിങ് നടത്തി പൊലീസിനു വിവരം കൈമാറുകയായിരുന്നു.