പോകേണ്ടത് പുറപ്പെടൽ ഭാ​ഗത്ത്, എത്തിയത് കാർ​ഗോയിലേക്ക്; മുഖ്യമന്ത്രിയെ വട്ടം കറക്കി പൈലറ്റ് വാഹനം; വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ പാളിച്ചയുണ്ടായി. ബുധനാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാനെത്തിയപ്പോഴാണ് സുരക്ഷാ പാളിച്ചയുണ്ടായത്. സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു. 

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് വിശദീകരണം തേടിയിട്ടുണ്ട്. പൈലറ്റ് വാഹനം തെറ്റായ വഴിയിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനവും വഴി തെറ്റുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണു സ്ഥലം തെറ്റിയെന്നു മുഖ്യമന്ത്രി തിരിച്ചറിഞ്ഞത്. 

ഒരുവട്ടം കൂടി കറങ്ങി പൊലീസ് 

വഴി തെറ്റിച്ച പൊലീസ് ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി കാറിൽ തിരികെ കയറിയത്. ആഭ്യന്തര ടെർമിനലിലെ പുറപ്പെടൽ ഭാഗത്തേക്കാണ് വാഹന വ്യൂഹം എത്തേണ്ടിയിരുന്നത്. എന്നാൽ, പൈലറ്റ് വാഹനം വഴി തെറ്റി ആഭ്യന്തര കാർഗോ വഴി സഞ്ചരിക്കുകയായിരുന്നു. വഴി തെറ്റിയെന്ന് മനസ്സിലാക്കിയ പൊലീസ് തുടർന്ന് ഒരുവട്ടം കൂടി കറങ്ങി പുറപ്പെടൽ ഭാഗത്ത് എത്തി.

വരാപ്പുഴ, മുനമ്പം സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടു ജീപ്പുകളിൽ മുഖ്യമന്ത്രിക്ക് പൈലറ്റ് പോയത്. ആലുവ പൊലീസിനായിരുന്നു എസ്കോർട്ട് ചുമതല. മുഖ്യമന്ത്രിക്കൊപ്പം കമാൻഡോ സംഘവും ഉണ്ടായിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com