ലീഗ് എംപിയുടെ സ്‌കൂളില്‍ 'ഹലാലായ' വേഷം അനുവദീയം; ബാലുശേരിയിലെത്തുമ്പോള്‍ 'ഹറാം'; കെടി ജലീല്‍

ദീനില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസില്‍ നിന്നാണ് കൊടുക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ ആര്‍ക്കു വേണം?
ലീഗ് എംപിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ യൂനിഫോം
ലീഗ് എംപിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ യൂനിഫോം

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി  വിഭാഗത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കിയ ബാലുശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പാന്റും  ഷര്‍ട്ടും ഏര്‍പ്പെടുത്തിയതിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി സ്‌കൂളിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മുന്‍ മന്ത്രി കെടി ജലീലാണ് ഇപ്പോള്‍ ലീഗിനെതിരെ കെടി ജലീല്‍ രംഗത്തുവന്നത്.

പാന്‍സും ഷര്‍ട്ടും മഫ്തയുമണിഞ്ഞ് നഴ്‌സിംഗ് കോളേജുകളിലേക്കും പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലേക്കും മനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും സ്വന്തം പെണ്‍മക്കള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ തോന്നാത്ത 'സ്വത്വബോധം' ബാലുശ്ശേരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ തോന്നിയതിന്റെ ഗുട്ടന്‍സ് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും പെട്ടന്ന് പിടികിട്ടും. ബഹുമാന്യനായ പി.വി അബ്ദുല്‍ വഹാബ്  എം.പി നടത്തുന്ന പീവീസ് പബ്ലിക്ക് സ്‌കൂളില്‍ 'ഹലാലായ' (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോള്‍ 'ഹറാം' (നിഷിദ്ധം) ആകുന്നതിന്റെ പൊരുള്‍ വരേണ്യ വര്‍ഗ്ഗ ബോധമല്ലാതെ മറ്റെന്താണന്നും - ജലീല്‍ കുറിപ്പില്‍ പറയുന്നു

കെടി ജലീലിന്റെ കുറിപ്പ്


നിലമ്പൂരില്‍ നിന്ന് ബാലുശ്ശേരിയിലേക്കുള്ള ദൂരം!
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഉടുക്കുന്ന വസ്ത്രത്തിലും പഠിക്കുന്ന പാഠഭാഗങ്ങളിലും വായിക്കുന്ന പുസ്തകങ്ങളിലും കാണുന്ന സിനിമകളിലും ആസ്വദിക്കുന്ന കലാസൃഷ്ടികളിലും ഏര്‍പ്പെടുന്ന കായിക വിനോദങ്ങളിലും കുടുംബ സൃഷ്ടിക്കായുള്ള വൈവാഹിക ബന്ധങ്ങളിലും നാടിന്റെ വികസന കാഴ്ചപ്പാടുകളിലും സംസ്ഥാനത്തിന്റെ ഭരണനിര്‍വ്വഹണ രംഗങ്ങളിലും തുടങ്ങി നടപ്പിലും ഇരിപ്പിലും പെരുമാറ്റതിലും ശ്വാസോച്ഛ്വാസത്തിലും വരെ വര്‍ഗ്ഗീയഭ്രാന്ത് കുത്തിനിറച്ച് വിഷം ചീറ്റുന്ന മനുഷ്യമൂര്‍ഖന്‍മാരെക്കുറിച്ച് എന്തു പറയാന്‍? 
അവരുടെ കാര്‍ക്കഷ്യതയും സൂക്ഷ്മതയും അവരുള്‍ക്കൊള്ളുന്ന വിശ്വാസി സമൂഹത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പാലിക്കാന്‍ നിശ്കര്‍ഷിച്ചിരുന്നുവെങ്കില്‍ ചൂഷണ മുക്തവും സമത്വാധിഷ്ഠിതവുമായ ഒരു സമൂഹം ആദിഗുരുക്കന്മാരുടെ യുഗത്തിലെന്നപോലെ വര്‍ത്തമാന കാലത്തും ഒരുപക്ഷേ സൃഷ്ടിക്കപ്പെടുമായിരുന്നു.
പാന്‍സും ഷര്‍ട്ടും മഫ്തയുമണിഞ്ഞ് നഴ്‌സിംഗ് കോളേജുകളിലേക്കും പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലേക്കും മനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും സ്വന്തം പെണ്‍മക്കള്‍ പടിയിറങ്ങിപ്പോകുമ്പോള്‍ തോന്നാത്ത 'സ്വത്വബോധം' ബാലുശ്ശേരിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ തോന്നിയതിന്റെ ഗുട്ടന്‍സ് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും പെട്ടന്ന് പിടികിട്ടും. ബഹുമാന്യനായ പി.വി അബ്ദുല്‍ വഹാബ്  എം.പി നടത്തുന്ന പീവീസ് പബ്ലിക്ക് സ്‌കൂളില്‍ 'ഹലാലായ' (അനുവദനീയം) വേഷം ബാലുശ്ശേരിയിലെത്തുമ്പോള്‍ 'ഹറാം' (നിഷിദ്ധം) ആകുന്നതിന്റെ പൊരുള്‍ വരേണ്യ വര്‍ഗ്ഗ ബോധമല്ലാതെ മറ്റെന്താണ്? കോരന്റെയും മമ്മദിന്റെയും മക്കള്‍ക്ക് വേഷവിധാനനത്തിന്റെ ചാര്‍ട്ട് സമുദായ മേലാളന്‍മാര്‍ പണ്ടേ കല്‍പിച്ച് വെച്ചിട്ടുണ്ടല്ലോ? അതിലേക്കുള്ള കടന്ന് കയറ്റമായി ബാലുശ്ശേരിയിലെ കാഴ്ച കണ്ടവര്‍ക്കേ സചിന്‍ ദേവെന്ന യുവ എം.എല്‍.എക്കെതിരെ വിരല്‍ ചൂണ്ടാനാകൂ. 
മതാന്ധത തലയ്ക്കുപിടിച്ച 'പുരോഗമന യാഥാസ്തികര്‍ക്ക്' കളംനിറഞ്ഞാടാന്‍ അവസരമൊരുക്കിക്കൊടുക്കുന്നവര്‍ നാടിന്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിലാണ് പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നതെന്ന് ഓര്‍മ്മിക്കുക. 1967 ല്‍ സാക്ഷാല്‍ എ.കെ.ജിയും ഇ.എം.എസും നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലിംലീഗ് അധികാര പങ്കാളിത്തം ഉറപ്പാക്കിയപ്പോള്‍ തോന്നാത്ത കമ്യൂണിസ്റ്റ് അയിത്തം അരനൂറ്റാണ്ടിനിപ്പുറം സമുദായത്തിലെ 'നിയോ കണ്‍സര്‍വേറ്റീവുകള്‍'ക്ക് തോന്നുന്നത് ആദര്‍ശ പ്രതിബദ്ധത കൊണ്ടല്ലെന്ന് ഉറപ്പാണ്. സി. അച്ചുതമേനോന്‍ എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിനെ കൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി നീണ്ട ആറുവര്‍ഷം അധികാരത്തിന്റെ മധു നുകര്‍ന്നപ്പോള്‍ അനുഭവപ്പെടാത്ത നിരീശ്വരവാദ വിരുദ്ധ മതബോധം ഇപ്പോള്‍ പൊട്ടി ഒലിക്കുന്നതിന്റെ 'രഹസ്യം' മനസ്സിലാക്കാന്‍ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. 
എം.കെ. ഹാജി എന്ന സാത്വികനും സൈതുമ്മര്‍ ബാഫഖി തങ്ങളെന്ന മിതഭാഷിയും കമ്മ്യൂണിസ്റ്റുകാരുമായി ചങ്ങാത്തം സ്ഥാപിച്ചപ്പോഴും ഇപ്പോള്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ സിദ്ധാന്തമോര്‍ത്ത് തലതല്ലിക്കീറുന്ന സമുദായ ഗീര്‍വാണന്‍മാരെ ആരെയും കണ്ടത് ഓര്‍മ്മയില്ല. ഏകാംഗം മാത്രമുണ്ടായിരുന്ന മുസ്ലിംലീഗിന് ഒന്നാം യു.പി.എ സര്‍ക്കാറില്‍ കമ്യൂണിസ്റ്റ് എം.പി.മാരുടെ പിന്തുണയില്‍ വിഭജനാനന്തര ഇന്ത്യയില്‍ പ്രഥമമായി മന്ത്രിക്കസേരയില്‍ അവരോധിതമാകാന്‍ ഭാഗ്യമുണ്ടായ ഘട്ടത്തിലും മാര്‍ക്‌സിസ്റ്റുകാര്‍ മതത്തിന്റെ ശത്രുക്കളാണെന്നും അവരുടെ പിന്തുണ വേണ്ടെന്നും തമാശക്ക് പോലും ആരും പറഞ്ഞത് കേട്ടിട്ടില്ല. 
റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (RMP) ജീവാത്മാവായ സഖാവ് രമയെ വടകരയില്‍ പിന്തുണച്ചപ്പോഴും കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ഇങജ) സര്‍വസ്വവുമായിരുന്ന എം.വി. രാഘവനെ മന്ത്രിയാക്കിയപ്പോഴും സി.എം.പി നേതാവ് സി.പി. ജോണിനെ പ്ലാനിംഗ് ബോര്‍ഡ് അംഗമാക്കാന്‍ പച്ചക്കൊടി വീശിയപ്പോഴും തൊട്ടു കൂടാത്തവരാണ് മാര്‍ക്‌സിസ്റ്റുകാരെന്ന് ഒരു പ്രസംഗ പീഠത്തില്‍ നിന്നും ആരും ഉല്‍ബോധിപ്പിച്ചത് സ്മൃതിപഥങ്ങളിലില്ല. കമ്മ്യൂണിസം അടിത്തറയായി അംഗീകരിച്ച റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായും (RSP) ഫോര്‍വേഡ് ബ്ലോക്കുമായും സഹകരിച്ച് ഇപ്പോഴും ലീഗ് മുന്നോട്ട് പോകുമ്പോള്‍ അവരുടെ നാസ്തിക വീക്ഷണം സ്റ്റഡീ ക്ലാസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണാവോ? 
മുസ്ലിങ്ങള്‍ക്കിടയിലെ മതരാഷ്ട്ര വാദികളെയും നവോത്ഥാനക്കാരെയും ഖിലാഫത്ത് സമര വിരുദ്ധരെയും കൂട്ടുപിടിച്ച് ഇപ്പോള്‍ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ കൂട്ടപ്പൊരിച്ചില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം നഷ്ടപ്പെട്ടതിന്റെ കലിപ്പ് തീര്‍ക്കലാണെന്ന് ആര്‍ക്കാണറിയാത്തത്. ദീനില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലീഗാഫീസില്‍ നിന്നാണ് കൊടുക്കുന്നതെങ്കില്‍ ആ സര്‍ട്ടിഫിക്കറ്റ് നാട്ടില്‍ ആര്‍ക്കു വേണം? അത്തരം ധാരണകള്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരാ സാക്ഷ്യപത്രം പുഴുങ്ങി ലേഹ്യമാക്കി സ്വയം സേവിച്ച് ആത്മസായൂജ്യമടയലാകും അഭികാമ്യം.(നിലമ്പൂര്‍ പീവീസ് സ്‌കൂളിലെ കുട്ടികളുടെ ആകര്‍ഷണീയവും മാന്യവുമായ യൂണിഫോമിട്ട ചിത്രമാണ് ഇമേജായി കൊടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com