പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഇന്നു മുതൽ ഡ്യൂട്ടിക്കു കയറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 05:50 AM  |  

Last Updated: 17th December 2021 05:50 AM  |   A+A-   |  

doctors strike

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി രാത്രി വൈകി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ഒപി, വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ചുള്ള സമരവും പിൻവലിച്ചു.  ഡോക്ടർമാർ ഇന്നു രാവിലെ 8 മുതൽ ജോലിയിൽ പ്രവേശിക്കും. 

16 ദിവസം നീണ്ടു നിന്ന സമരമാണ് പിൻവലിച്ചത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഉറപ്പു ലഭിച്ചെന്ന് സമരക്കാർ പറഞ്ഞു. സ്റ്റൈപൻഡ് 4% വർധിപ്പിക്കാമെന്ന ഉറപ്പു നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധി നീങ്ങുമ്പോൾ ഇതു പരിഗണിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയത്.

അസോസിയേഷൻ നേതാവ് ഡോ. എം.അജിത്രയെ സെക്രട്ടേറിയറ്റിൽ അധിക്ഷേപിച്ചതിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കാൻ ഡോക്ടർമാർ തയാറായത്. 

മന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ പരിഗണിച്ച് പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിക്കാൻ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. കോവിഡ് ഡ്യൂട്ടിക്കു മാത്രമേ പിജി ഡോക്ടർമാർ ഹാജരായിരുന്നുള്ളൂ. ബഹിഷ്കരിച്ചിരുന്ന അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങൾ, ലേബർ റൂം, കാഷ്വൽറ്റി എന്നിവയിൽ ഇന്നലെ ഡ്യൂട്ടിയിൽ പ്രവേശിച്ചു തുടങ്ങി.