കിലോയ്ക്ക് 50 രൂപ;  ‘തക്കാളി വണ്ടികൾ’ ഇന്നുമുതൽ;  മറ്റു പച്ചക്കറികളും വിലക്കുറവിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 08:42 AM  |  

Last Updated: 17th December 2021 08:42 AM  |   A+A-   |  

tomato

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നതിനിടെ, വിപണിയിൽ ഇടപെട്ട് സർക്കാർ.  വിലക്കയറ്റം നിയന്ത്രിക്കാൻ  ‘തക്കാളി വണ്ടികൾ’ ഇന്നുമുതൽ നിരത്തിലെത്തും. ഒരു ജില്ലയിൽ രണ്ടെന്ന നിലയിൽ 28 വണ്ടിയിലൂടെ തക്കാളി കിലോ 50 രൂപയ്‌ക്ക്‌ നൽകും. മറ്റു പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും. രാവിലെ 7.30 മുതൽ രാത്രി 7.30 വരെയാണ് പ്രവർത്തനം.

തക്കാളി വണ്ടികൾ തിരുവനന്തപുരത്ത്‌ കൃഷി മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധയിടങ്ങൾ, അയൽ സംസ്ഥാനങ്ങൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

40 ടൺ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപ്പിന്റെ ചില്ലറ വിൽപന ശാലകളിലൂടെ വിൽപന നടത്തുന്നുണ്ട്. 170 ടൺ പച്ചക്കറി പ്രാദേശികമായി വി എഫ് പി സി കെ വഴി സംഭരിച്ച് വിൽക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1937 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

സ്ഥിരം വിപണിയില്ലാത്തിടത്ത്‌ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപ്പനശാലകളും കൂടുതൽ ഔട്ട്‌ലെറ്റും ആരംഭിക്കും. ഹോർട്ടികോർപ്പിന്റെ പുതുവത്സര– ക്രിസ് മസ് ചന്തകൾ 22 മുതൽ ജനുവരി ഒന്നുവരെ പ്രവർത്തിക്കും.