ഇന്ന് നാല് പേർക്ക് ഒമൈക്രോൺ; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോ​ഗം സ്ഥിരീകരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 07:21 PM  |  

Last Updated: 18th December 2021 07:21 PM  |   A+A-   |  

omicron cases in kerala1

ചിത്രം: പിടിഐ/ഫയല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ ഒമൈക്രോൺ കേസുകൾ പതിനൊന്നായി. 

കെനിയയിൽ നിന്നെത്തിയ 49കാരിക്കാണ് തൃശൂരിൽ ഒമൈക്രോൺ കണ്ടെത്തിയത്. ട്യുണീഷ്യയിൽ നിന്നും യുകെയിൽ നിന്നും എത്തിയ രണ്ട് പേർക്കാണ് തിരുവനന്തപുരത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒമൈക്രോൺ പോസിറ്റീവായ വ്യക്തി മംഗളുരു സ്വദേശിയാണ്. ഈ മാസം 14ന് ഷാർജയിൽ നിന്നെത്തിയ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. 

സംസ്ഥാനത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രികർ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും, ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതുമാണ്. ഒമൈക്രോൺ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരും ക്വാറന്റെയ്ൻ വ്യവസ്ഥകൾ കർശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ  ഇടപഴകരുത്. 

സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറന്റുകൾ, ആൾക്കൂട്ടമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ  മാർഗ്ഗങ്ങളായ  മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കർശനമായി പാലിച്ചാൽ മാത്രമേ ഒമൈക്രോൺ ഭീഷണിയെ ഫലപ്രദമായി നേരിടുവാൻ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു