ഓണ്‍ലൈന്‍ ക്ലാസിനിടെ മെസ്സേജ്; അശ്ലീല ചാറ്റ് നടത്തി കുടുക്കി, വിദ്യാര്‍ത്ഥിയില്‍ നിന്ന് തട്ടിയെടുത്തത് പത്തുലക്ഷം, രാജസ്ഥാനില്‍ പോയി പിടികൂടി കേരള പൊലീസ്

സംഘത്തിന്റെ  കെണിയില്‍ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നഷ്ടമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍പ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. അശോക് പട്ടിദാര്‍, നീലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നീ രാജസ്ഥാന്‍ സ്വദേശികളാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്. രാജസ്ഥാനിലെത്തിയാണ് പൊലീസ് ഇവരെ കുടുക്കിയത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് സംഘത്തെ കുടുക്കിയത്. കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥിികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു. 

സംഘത്തിന്റെ  കെണിയില്‍ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നഷ്ടമായത്. ഈ പരാതിയിലാണ് സിറ്റി സൈബര്‍ പൊലീസിന്റെ ഒരു സംഘം പ്രതികളെ തേടി രാജസ്ഥാനലേക്ക് പോയത്. പരാതി ലഭിച്ചതിനേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക് ചെയ്തിരുന്നു. ഇത് രാജസ്ഥാനിലാണെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന ആണ്‍ വിദ്യാര്‍ത്ഥികളുടെ ലാപ്ടോപിലേക്കും മൊബൈലിലേക്കും പോപ് ആപ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ് സംഘം തട്ടിപ്പിന് തുടക്കമിടുന്നത്. അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ലിങ്കുമുണ്ടാകും. ഇവരുടെ കെണിയില്‍ കുടുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചാറ്റ് നടത്തും. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അശ്ലീല ചിത്രങ്ങളും സംഘം അയച്ചു നല്‍കും. 

വിദ്യാര്‍ത്ഥികളുമായി കുറച്ചു ദിവസത്തിനുള്ളില്‍ സൗഹൃദം സ്ഥാപിച്ച ശേഷം സിബിഐയുടെ സൈബര്‍ സെല്ലില്‍ നിന്ന് എന്ന് പറഞ്ഞ് വിളിക്കും. ചാറ്റിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തും. തുടര്‍ന്ന് പണം എന്നാവശ്യപ്പെടും. ഇവര്‍ നല്‍കുന്ന വാലറ്റുകളിലേക്കാണ് പണം അയച്ചുനല്‍കേണ്ടത്. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ക്ക് പണം നഷ്ടമായതായാണ് വിവരം. 

തട്ടിപ്പിന് ഉപയോഗിച്ച വാലറ്റുകളും മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് സംഘം രാജസ്ഥാനിലേക്ക് പോയി. അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംലാല്‍, ഉദ്യോഗസ്ഥരായ ഷിബു, സുനില്‍കുമാര്‍, വിപിന്‍ ഭാസ്‌കര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രാജസ്ഥാനിലേക്ക് പോയത്. മലയാളിയായ ജോധ്പുര്‍ കമ്മീഷണര്‍ ജോസ്മോന്‍ ഐപിഎസിന്റെ സഹായത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com