ഒമൈക്രോൺ: സംസ്ഥാനത്ത് കർശന ജാ​ഗ്രത; എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ മൂന്നുദിവസം തീവ്ര വാക്‌സിനേഷന്‍ യജ്ഞം

വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടുദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞം ഇന്നും തുടരും. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഇന്നലെ രണ്ടുപേർക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജാ​ഗ്രത കർശനമായി തുടരണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.  ഈമാസം എട്ടിന് ഷാര്‍ജയില്‍ നിന്ന് എറണാകുളത്ത് എത്തിയ ദമ്പതികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ മൂന്നുദിവസം തീവ്ര വാക്‌സിനേഷന്‍ യജ്ഞം

ഒമൈക്രോൺ കേസുകൾ കൂടുതൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജാ​ഗ്രത കർശനമാക്കി. ജില്ലയിൽ ഇന്നു മുതൽ മൂന്നു ദിവസം തീവ്ര വാക്സിനേഷൻ യജ്ഞം നടത്തും. ഡിസംബര്‍  18,19, 20 തീയതികളിലാണ് എറണാകുളം ജില്ലയില്‍ തീവ്ര വാക്‌സിനേഷന്‍ യജ്ഞം നടത്തുക. ഈ അവസരം ജനങ്ങള്‍ വീഴ്ച കൂടാതെ ഉപയോഗപ്പെടുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. 

കോവിഡ്  വാക്‌സിന്‍ സ്വീകരിച്ചവരില്‍  ഒമൈക്രോണ്‍ ഗുരുതരമാകുന്നതായി കാണപ്പെടുന്നില്ല.. ആയതിനാല്‍ വാക്‌സിന്‍  ആദ്യ ഡോസ് ഇനിയും എടുക്കാനുള്ളവരും, രണ്ടാം ഡോസ് എടുക്കാന്‍  സമയമായിട്ടുള്ളവരും  എത്രയും പെട്ടെന്ന് തന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിനേഷന്‍  എടുത്ത് സുരക്ഷിതരാകേണ്ടതാണെന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു. 

ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം

സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും, ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ  ഇടപഴകരുത്. 

സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ക്വാറന്റെയ്ന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ  മാര്‍ഗ്ഗങ്ങളായ  മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമൈക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com