ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പൊലീസ് സംഘത്തിന്റെ വള്ളം മുങ്ങി; ഒരു പൊലീസുകാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 02:38 PM  |  

Last Updated: 18th December 2021 02:59 PM  |   A+A-   |  

balu

ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ തേടി പോകുന്നതിനിടെ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട പൊലീസുകാരൻ മരിച്ചു. എസ്എപി ക്യാമ്പിലെ പൊലീസുകാരൻ ആലപ്പുഴ പുന്നപ്ര സ്വദേശി  ബാലു ( 27) ആണ് മരിച്ചത്. കായലിൽ വീണു കാണാതായ ബാലുവിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് മരിച്ചു. 

പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘം കയറിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കാവൂർ അഞ്ചുതെങ്ങ് പാണയിൽക്കടവിലാണ് അപകടം ഉണ്ടായത്. വള്ളത്തിൽ ഉണ്ടായിരുന്ന വർക്കല സിഐയും മറ്റ് മൂന്നു പൊലീസുകാരും നീന്തി രക്ഷപ്പെട്ടു. 

വള്ളം മറിഞ്ഞ് കാണാതായ ബാലുവിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ്  കണ്ടെത്തിയത്.ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്  സിഐയും പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. 

എന്നാല്‍ ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു. പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെ കഴിഞ്ഞദിവസങ്ങളില്‍ പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതി ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.