കുറുക്കന്‍മൂലയില്‍ ഭീതിപരത്തുന്ന കടുവയെ കണ്ടെത്തി; ഉടന്‍ പിടികൂടുമെന്ന് ഡിഎഫ്ഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 07:29 PM  |  

Last Updated: 18th December 2021 07:29 PM  |   A+A-   |  

kurukkanmoola-tiger

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം

 

മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയില്‍ ഭീതിവിതച്ച കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ് അധികൃതര്‍. ബേഗൂര്‍ വന മേഖലയിലെ കടുവയുടെ താവളം തിരിച്ചറിഞ്ഞുവെന്ന്‌വയനാട് ഡിഎഫ്ഒ വ്യക്തമാക്കി. എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ അവകാശപ്പെട്ടു. ഇരുപത് ദിവസമായി കടുവ മേഖലയില്‍ ഭീതി വിതയ്ക്കുകയാണ്. 

ബേഗൂര്‍ വന മേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചില്‍. രാവിലെ കാല്‍പ്പാടുകള്‍ കണ്ടതിന് ശേഷം ഈ വനമേഖലയിലേക്ക് കടുവ കയറി എന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ എല്ലാ സംഘങ്ങളും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

ഈ അന്വേഷണത്തില്‍ വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് കടുവയില്‍ നിന്ന് രക്ഷപ്പെട്ടു എന്നും മയക്കുവെടി വെക്കാന്‍ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. നാളെയും ഈ പ്രദേശത്ത് തന്നെ തിരച്ചില്‍ ഉണ്ടാകും. 

കഴിഞ്ഞ രണ്ട് ദിവസം വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകര്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ തൊഴുത്തിനരികെ തീ കത്തിച്ചു വെക്കുകയും വെളിച്ചമിട്ടു വെക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രി പെട്രോളിംഗ് ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം.