ഇരട്ട കൊലപാതകം: ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി യോഗം, മന്ത്രിമാര്‍ പങ്കെടുക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 04:56 PM  |  

Last Updated: 19th December 2021 04:56 PM  |   A+A-   |  

renjith_shan_2

കൊല്ലപ്പെട്ട ആര്‍എസ്എസ്, എസ്ഡിപിഐ നേതാക്കള്‍


 

ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി യോഗം. ജില്ലാ കലക്ടറാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. നിലവില്‍ രണ്ടുദിവസത്തേക്ക് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന് പിന്നാലെ രാവിലെ, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഇരു കേസുകളുമായി ബന്ധപ്പെട്ട് അമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അന്വേഷണത്തിന് പ്രത്യേക സംഘം

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കസ്റ്റ്ഡിയിലുള്ളത്. അതേസമയം കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും നേതാക്കളെ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രതികരിച്ചു. എഡിജിപി വിജയ് സാഖറെ, ദക്ഷിണമേഖല ഐജി. ഹര്‍ഷിത അട്ടല്ലൂരി എന്നിവര്‍ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബിജെപി. നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20ലധികം എസ്ഡിപിഐ. പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും കൃത്യമായ ആസൂത്രണം നടന്നതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെഎസ് ഷാനെ വകവരുത്തിയതെന്നാണ് സൂചന.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും ഐജി പറഞ്ഞു. നിലവില്‍ പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.

സംസ്ഥാന വ്യാപകമായി ജാഗ്രതാനിര്‍ദേശം

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷസാധ്യതയുള്ള മേഖലകളിലും മറ്റും വാഹന പരിശോധനയും കര്‍ശനമാക്കി. ഇവിടങ്ങളില്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ. സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദേഹമാസകലം നാല്‍പ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വീട്ടില്‍ക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.