'മനുഷ്യത്വഹീനം, കൊലയാളി സംഘങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം'; ആലപ്പുഴ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2021 09:43 AM  |  

Last Updated: 19th December 2021 09:43 AM  |   A+A-   |  

alappuzha_murder

ചിത്രം: ഫേസ്ബുക്ക്

 

തിരുവനന്തപുരം; ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണെന്നും കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് 

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.

12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ

ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലചെയ്യപ്പെടുന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാവിനെ വെട്ടിക്കൊന്നത്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് മരിച്ച രഞ്ജിത്ത് ശ്രീനിവാസൻ. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലയിൽ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.