നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു, കടുവ കാട്ടിലേക്ക് കയറിയതായി സംശയം; ഉടന്‍ പിടികൂടാനാകുമെന്ന് വനപാലകര്‍

ദിവസങ്ങളായി കുറുക്കന്‍മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു
കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം
കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം

മാനന്തവാടി:  ദിവസങ്ങളായി കുറുക്കന്‍മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കാട്ടിലേക്ക് കയറിയതായാണ് സംശയം. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായിരുന്ന കടുവയെ ഞായര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല. കടുവയുടെ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും കാട്ടിലേക്ക് കയറിയതായി സംശയിക്കുന്നുവെന്നും ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.

ഞായറാഴ്ച വനത്തില്‍ ആടിനെ കെട്ടിയിട്ട് ഏറുമാടത്തിലൂടെ നിരീക്ഷണം നടത്തിയിരുന്നു. കൂടുതല്‍ ക്യാമറകളും  സ്ഥാപിച്ചു.  ബേഗൂര്‍ റെയ്ഞ്ചിലെ ഓലിയോട് വനമേഖലയില്‍ത്തന്നെയാണ് കടുവയുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഞായര്‍  പുലര്‍ച്ചെ ആറോടെ കാവേരിപ്പൊയില്‍ കോണ വയല്‍കോളനി പരിസരത്ത് കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. 

തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫിലേക്ക് കയറിയ കടുവ ഓലിയോട് വനത്തിലേക്ക് തിരിച്ചെത്തിയതായും കാല്‍പ്പാടുകള്‍ നോക്കി  മനസ്സിലാക്കിയിട്ടുണ്ട്.  എന്നാല്‍ ഞായര്‍ പുലര്‍ച്ചെ മുതല്‍  ഓലിയോട് വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല. വൈകിട്ട് ആറോടെ  തിരച്ചില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച തിരച്ചില്‍ വീണ്ടും തുടരും.നാല് ദിവസമായി  ഇര തേടാത്തതിനാല്‍ ക്ഷീണിതനായിരിക്കുമെന്നാണ് വനപാലകര്‍ കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com