'കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു'; ബിജെപിക്കും എസ്ഡിപിഐക്കും എതിരെ ഇടത് യുവജന സംഘടനകള്‍

ആലപ്പുഴയിലെ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഇടത് യുവജന സംഘടനകള്‍
എഐവൈഎഫ്,ഡിവൈഎഫ്‌ഐ പതാകകള്‍
എഐവൈഎഫ്,ഡിവൈഎഫ്‌ഐ പതാകകള്‍

തിരുവനന്തപുരം: ആലപ്പുഴയിലെ എസ്ഡിപിഐ-ബിജെപി നേതാക്കളുടെ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഇടത് യുവജന സംഘടനകള്‍. ആര്‍എസ്എസും എസ്ഡിപിഐയും കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്‌ഐയും എഐവൈഎഫും പ്രതികരിച്ചു. 'ആലപ്പുഴയില്‍  ആര്‍എസ്എസ് - എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമാണ് ശ്രമമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും യുവജന ക്യാമ്പയിന്‍ സംഘടിപ്പിക്കും'- ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

'സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവര്‍ഗ്ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള  പരിശ്രമങ്ങളാണ് വര്‍ഗ്ഗീയ സംഘടനകളായ ആര്‍.എസ്.എസും എസ്.ഡിപിഐയും നടത്തുന്നത്.' എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.

ലക്ഷ്യം വര്‍ഗ്ഗീയ കലാപം: ഡിവൈഎഫ്‌ഐ

ആലപ്പുഴയില്‍  ആര്‍എസ്എസ്- എസ്ഡിപിഐ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളും കൊലപാതകവും വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമാണ് ശ്രമമാണ്.ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷേ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും യുവജന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ഡിവൈ എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കാനും അതിലൂടെ വര്‍ഗ്ഗീയചേരി തിരിവ് സൃഷ്ടിക്കാനുമുള്ള പദ്ധതിയെ തിരിച്ചറിയണം.ആര്‍എസ്എസ് - എസ്ഡിപിഐ സംഘര്‍ഷങ്ങള്‍ ഈ ദിശയിലുള്ളതാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണം.വര്‍ഗ്ഗീയ സംഘടനകളുടെ ധ്രുവീകരണ ശ്രമം  മതനിരപേക്ഷ കേരളം തള്ളിക്കളയണമെന്നും നാടിന്റെ സമാധാനത്തിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങുകയും ചെയ്യണമെന്നും ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥിച്ചു. സാമൂഹ്യ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തി പരിശീലനം സിദ്ധിച്ചവരാണ് ആര്‍എസ്എസ്-എസ്ഡിപിഐ ക്രിമിനലുകള്‍. മതത്തെ വര്‍ഗീയതയ്ക്കായും സങ്കുചിത താത്പര്യങ്ങള്‍ക്കായും അധികാര രാഷ്ട്രീയത്തിനായും ഉപയോഗിക്കുന്നവരാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ വാദികള്‍. ഈ ശക്തികളുടെ കുപ്രചരണത്തെ വിശ്വാസി സമൂഹം  ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. നാടിന്റെ  സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥിച്ചു.

കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: എഐവൈഎഫ്

ആര്‍എസ്എസും എസ്ഡിപിഐയും കേരളത്തെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അഭിപ്രായപ്പെട്ടു.

സങ്കുചിതവും മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങളിലൂടെ മതവര്‍ഗ്ഗീയത കേരളത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് വര്‍ഗ്ഗീയ സംഘടനകളായ ആര്‍എസ്എസും എസ്ഡിപിഐയും നടത്തുന്നത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മത-വര്‍ഗ്ഗീയ തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ആശയ സംവാദങ്ങളുടെ വേദിയാകുന്നതിനു പകരം നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുസമൂഹത്തിന്റെയും ഇടപെടല്‍ അനിവാര്യമാണ്. മാനവികത ഉയര്‍ത്തിപ്പിടിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എഐവൈഎഫ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com