കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് ആരംഭിക്കും; സർവീസ് മുടക്കരുതെന്ന് നിർദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2021 07:47 AM |
Last Updated: 20th December 2021 07:47 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ. ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർഥിച്ചു.
ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് തിങ്കളാഴ്ച വളരെയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നതിനാൽ ഇന്ന് ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
60 കോടി രൂപയാണ് ശമ്പളം നൽകുന്നതിനായി കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടി നൽകി. ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്താണു ശമ്പളം നൽകുന്നത്.