'സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാവൂ'; പിങ്ക് പൊലീസ് കേസില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 03:02 PM  |  

Last Updated: 20th December 2021 03:02 PM  |   A+A-   |  

HIGHCOURT CRITICIZES

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന്, കേസിന്റെ വാദത്തിനിടെ കോടതി ചോദിച്ചു. കുട്ടി കരഞ്ഞത് എന്തിനെന്നു വ്യക്തമാക്കണം. കുട്ടി കരഞ്ഞുവെന്ന സാക്ഷിമൊഴികളില്‍ നിന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കുട്ടിക്കു നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥയ്ക്കു പരമാവധി ശിക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചു. 

നേരത്തെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചിരുന്നു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് വ്യക്തമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊലീസ് ഉദ്യോഗസ്ഥയയായ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കുട്ടിയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കുട്ടി വലിയതോതിലുള്ള മാനസ്സിക സംഘര്‍ഷം അനുഭവച്ചിട്ടുണ്ടെന്നും അധികൃതരില്‍ നിന്ന് നീതികിട്ടിയില്ലെന്നും അതിനാല്‍ മാപ്പ് അപേക്ഷ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കി.