കോവിഡ് വ്യാപനം ഒഴിവാക്കാൻ എത്രയും വേ​ഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 09:12 PM  |  

Last Updated: 21st December 2021 08:31 AM  |   A+A-   |  

veena george

വീണാ ജോര്‍ജ്

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും കോവിഡ് വ്യാപനം ഒഴിവാക്കാനായി, എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാക്സിൻ ക്ഷാമമില്ലെന്നും സംസ്ഥാനത്ത് 11 ലക്ഷം ഡോസ് ഇപ്പോൾ സ്റ്റോക്കുള്ളതായും സൗജന്യവാക്സിൻ എടുക്കുവാനുള്ള സൗകര്യം എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. 

രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ നിശ്ചിത കാലയളവില്‍ വാക്‌സീന്‍ സ്വീകരിക്കണം. കോവിഷീല്‍ഡ് രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് 84 മുതല്‍ 116 ദിവസത്തിനുള്ളിലും കോവാക്‌സിന്‍ 28 മുതല്‍ 42 ദിവസത്തിനുള്ളിലുമാണു സ്വീകരിക്കേണ്ടത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ ആരും വിമുഖത കാട്ടരുത്. രണ്ടാമത്തെ ഡോസ് വാക്‌സീന്‍ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണു പൂര്‍ണമായ പ്രതിരോധശേഷി ലഭിക്കുന്നത്. 

എത്രയും നേരത്തേ രണ്ടു ഡോസ് നിശ്ചിത കാലയളവില്‍ സ്വീകരിക്കുകയെന്നത് കോവിഡ് പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്‌സീന്‍ സ്വീകരിച്ചു രോഗപ്രതിരോധശേഷി ആര്‍ജിച്ചാല്‍ ഒമിക്രോണ്‍ ഭീഷണി തടയുവാനും കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും സാധിക്കും– മന്ത്രി വ്യക്തമാക്കി.