പോത്തൻകോട് കൊലപാതകം: ഒട്ടകം രാജേഷ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 07:37 AM  |  

Last Updated: 20th December 2021 07:44 AM  |   A+A-   |  

pothancod_murder_ottakam_rajesh

വിഡിയോ സ്ക്രീൻഷോട്ട്

 

തിരുവനന്തപുരം; പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് വൈകിട്ടോടെ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. ഇതോടെ സുധീഷ് വധക്കേസിലെ 11 പ്രതികളും പിടിയിലായി.

വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചത് രാജേഷിനായുള്ള തിരച്ചിലിനിടെ

വധക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് രാജേഷ്. കഴിഞ്ഞദിവസം ഇയാൾ വർക്കല ഭാ​ഗത്തുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷിച്ചു പോയ പൊലീസുകാരുടെ വള്ളം മറി‍ഞ്ഞിരുന്നു. ഒരു പൊലീസുകാരൻ മരിക്കുകയും ചെയ്തു. അതിന് പിന്നാലെ ഒട്ടകം രാജേഷിനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. 

പ്രധാനപ്രതികളായ ഉണ്ണിയും ശ്യാമും അറസ്റ്റിൽ

പോത്തൻകോട് സുധീഷ് വധക്കേസിലെപ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. 

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്‍റെ സംഘമെറിഞ്ഞ നാടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.