'എസ്ഡിപിഐ നേതാവിന്റെ കൊലപാതകം ആര്‍എസ്എസിന്റെ പ്രതികാരം': റിമാന്‍ഡ് റിപ്പോര്‍ട്ട്, ആലപ്പുഴയില്‍ നിരോധനാജ്ഞ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 08:08 PM  |  

Last Updated: 20th December 2021 08:10 PM  |   A+A-   |  

renjith_shan_2

കൊല്ലപ്പെട്ട ആര്‍എസ്എസ്, എസ്ഡിപിഐ നേതാക്കള്‍

 

ആലപ്പുഴ: എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച രാവിലെ വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. അതേസമയം, എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രതീഷ്, പ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്്.

ഇവരെ ഇന്നലെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഷാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ആര്‍എസ്എസിന്റെ പ്രതികാരമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല അറസ്റ്റിലായത്. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തത്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.

ഷാനെ കൊലപ്പെടുത്താനായി പ്രതികള്‍ എത്തിയതെന്ന് കരുതുന്ന കാര്‍ കണ്ടെത്തി.കണിച്ചുകുളങ്ങരയില്‍ നിന്നാണ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.