അടയ്ക്ക കച്ചവടത്തിന്റെ മറവില്‍ 500 കോടിയുടെ നികുതി തട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയില്‍

അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍
അറസ്റ്റിലായ ബനീഷ്‌
അറസ്റ്റിലായ ബനീഷ്‌

തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തിന്റെ മറവില്‍ ഭീമമായ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. 500 കോടിയോളം രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്ത് കോടികളുടെ നികുതി വെട്ടിപ്പിന് നേതൃത്വം നല്‍കിയ മലപ്പുറം സ്വദേശിബനീഷ് ആണ് പിടിയിലായത്. തൃശൂരില്‍ വെച്ചാണ് ഇയാളെ ചരക്ക് സേവന നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് തൃശൂര്‍ വിങ് പിടികൂടിയത്. 

ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം കേരളത്തില്‍ നടന്ന വന്‍ നികുതി വെട്ടിപ്പ് കേസുകളില്‍ ഒന്നിലാണ് ബനീഷ് അറസ്റ്റിലായിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടു പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കഴിഞ്ഞ മാസം നികുതി വെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിനാമി പേരുകളില്‍ ജിഎസ്ടി രെജിസ്‌ടേഷന്‍ എടുത്ത് പാലക്കാട്, മലപ്പുറം, കാസര്‍കോട്, തൃശൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തില്‍ നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി നിയമം 132 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇത്. 

എറണാകുളം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി കമ്മിഷണര്‍ ജോണ്‍സന്‍ ചാക്കോ, തൃശൂര്‍ (ഐബി )വിഭാഗം ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാന ചരക്ക് സേവന നികുതി നിയമം സെക്ഷന്‍ 69 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ഫ്രാന്‍സിസ്, ഗോപന്‍, ഉല്ലാസ്,അഞ്ജന, ഷീല, ഷക്കീല, മെറീന എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com