നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി എത്തി; വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് 

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി എത്തി; വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂർ: കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം. നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി വ്യോമസേനാ വിമാനത്തിൽ ഉച്ചയ്ക്ക് 12.35 ഓടെയാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എഎൻ പ്രമോദ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി മിനി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവർക്ക് ഒപ്പമാണ് രാഷ്‌ട്രപതി എത്തിയത്.

തുടർന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിൽ നടക്കുന്ന കേരള കേന്ദ്ര സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാനായി തിരിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എംവി ഗോവിന്ദൻ എന്നിവർ രാഷ്ട്രപതിക്കൊപ്പം പെരിയയിലേക്ക് പോയി. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ എയർബേസിലെത്തും.

നാളെ രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വിക്രാന്ത് സെൽ സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ 10.20ന് കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയിൽ പിഎൻ പണിക്കരുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് അവിടെ നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com