പണം മോഹിച്ചല്ല കോടതിയെ സമീപിച്ചത്; നീതി ലഭിച്ചെന്ന് കുട്ടിയുടെ പിതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 05:12 PM  |  

Last Updated: 22nd December 2021 05:12 PM  |   A+A-   |  

Pink police humiliate

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ: വീഡിയോ ദൃശ്യം

 

കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യവിചാരണയില്‍ എട്ടുവയസ്സുകാരിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കുട്ടിയുടെ പിതാവ്. തങ്ങള്‍ക്ക് നീതി കിട്ടിയെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ പറഞ്ഞു. നഷ്ടപരിഹാരത്തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചാണ് കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസ് തെറ്റു ചെയ്തു എന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. 

പണത്തേക്കാളുപരി പൊലീസ് ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്ന് തെളിയിക്കണമായിരുന്നു. സര്‍ക്കാര്‍ അവരെ ഇത്രയും നാളും സംരക്ഷിക്കുകയാണ് ചെയ്തത്. ഇതേത്തുടര്‍ന്നാണ് നീതി തേടി കോടതിയെ സമീപിച്ചത്. പിങ്ക് പൊലീസിന്റെ നടപടിയേക്കാളും വേദനിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടാണ്. കോടതിയില്‍ നിന്നും തന്റെ കുട്ടിക്ക് നീതി കിട്ടി. പൊതുജനങ്ങളുടെ മുന്നില്‍ ഇടപെടുന്നതിന് പൊലീസുകാരിയെ പരിശീലനത്തിന് വിടണമെന്ന് കോടതി നിര്‍ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. 

പിങ്ക് പൊലീസിന്റെ വിചാരണയില്‍ പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 25,000 രൂപ കോടതിച്ചെലവ് കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കുട്ടിയെ സമൂഹമധ്യമത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചു.  ജില്ലാ പൊലീസ് മേധാവിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. 

ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ സംഭവത്തിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി ഉത്തരവിട്ടു.