'മരിച്ച മകളുടെ സ്വത്ത് വീതിച്ച് നല്‍കണം', കാലില്‍ ചവിട്ടി പിടിച്ചു, വൃദ്ധ മാതാവിനെ മക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മകന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 11:23 AM  |  

Last Updated: 22nd December 2021 11:23 AM  |   A+A-   |  

Elderly mother brutally beaten

മീനാക്ഷിയമ്മ

 

കണ്ണൂര്‍: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കള്‍ മര്‍ദിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. മീനാക്ഷിയമ്മയുടെ മകന്‍ രവീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് മക്കള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ ശ്രമം അടക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.സംഭവത്തില്‍ മന്ത്രി ആര്‍ ബിന്ദു ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി കൈക്കൊള്ളാന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. തൊണ്ണൂറ്റിമൂന്ന് വയസ്സുള്ള അമ്മയെക്കൊണ്ട് ബലം പ്രയോഗിച്ച് സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന മക്കളുടെ സംഭാഷണം മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് റെക്കോഡ് ചെയ്തത്.

മക്കള്‍ നാലുപേരും ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലില്‍ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വര്‍ഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയുമായിരുന്നു. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചു.  അസുഖ ബാധിതയായി മരിച്ച ഓമനയ്ക്ക് മറ്റ് അവകാശികള്‍ ആരുമില്ല. അതിനാല്‍ ഓമനയുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു നാല് മക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരില്‍ പെരിങ്ങോം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.