ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍; പിടി തോമസിന്റെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍

അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസ്‌
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസ്‌

കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ സംസ്‌കാരം നാളെ വൈകീട്ട് അഞ്ചരയ്ക്ക് രവിപുരം ശ്മശാനത്തില്‍ നടക്കും. അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 

പിടി തോമസിന്റെ മൃതദേഹം അര്‍ദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലെത്തിക്കും. തുടര്‍ന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോര്‍ത്ത് ജങ്ഷനിലെ ടൗണ്‍ഹാളില്‍ എത്തിക്കും.

രാഹുല്‍ ഗാന്ധി എത്തും
 

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അര്‍പ്പിക്കും.  ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നും സതീശന്‍ പറഞ്ഞു.

രവിപുരം ശ്മാശനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, സംസ്‌കാര ചടങ്ങില്‍ 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ മരിക്കുന്നതിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com