രാഷ്ട്രീയത്തിലെ അതിരുകളെ സ്‌നേഹം കൊണ്ട് മറികടന്ന നേതാവാണ് പിടി തോമസ്; വേണു രാജാമണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd December 2021 07:58 PM |
Last Updated: 22nd December 2021 07:58 PM | A+A A- |

വേണുരാജാമണിക്കൊപ്പം പി ടി തോമസ്
കൊച്ചി: നിര്‍മലമായ സൗഹൃദം കൊണ്ട് കക്ഷി രാഷ്ട്രീയത്തിലെ അതിരുകള്‍ ഭേദിച്ച മനുഷ്യസ്‌നേഹിയായ നേതാവായിരുന്നു പി ടി തോമസ് എന്ന് വേണുരാജാമണി. പി ടി തോമസ് 1978ല്‍ എം എയ്ക്ക് പഠിക്കാനായി മഹാരാജാസില്‍ വരുമ്പോള്‍ താന്‍ അവിടെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എന്നേക്കാള്‍ വളരെ സീനിയറായിരുന്നു പിടിയെങ്കിലും പ്രായത്തിലെ ആ അകല്‍ച്ചയെ സ്‌നേഹം കൊണ്ട് പി ടി മായ്ച്ചുകളഞ്ഞു.
പി ടി വരുന്ന കാലത്ത് മഹാരാജാസ് കോളജിലെ സെന്റിനറി സെലിബ്രേഷന്‍സില്‍ താന്‍ സജീവമായിരുന്നു. അതോടെ തളുടെ സൗഹൃദം കൂടുതല്‍ ദൃഢമായി. വളരെയടുത്ത സുഹൃത്തുക്കളായിമാറി. വൈകാരികമായ ഒരു ആത്മബന്ധം തങ്ങളിലുടലെടുത്തു. തന്റെ ജീവിത്തിലെ എല്ലാ കാര്യത്തിലും പി ടി തോമസിനും ഉമയ്ക്കും നിര്‍ണായകമായ റോള്‍ ഉണ്ടായിരുന്നു. തന്റെ കല്യാണത്തിന്റെ മുഖ്യ സുത്രധാരന്‍ ആയിരുന്നത് പി ടിയായിരുന്നു.മൊബൈല്‍ ഫോണും എസ്ടിഡിയുമൊന്നുമില്ലാതിരുന്ന കാലത്ത് ഡാര്‍ജിലിങ്ങില്‍ നിന്നും സരോജ് ഥാപ്പയെ കേരളത്തിലെത്തിക്കുന്നതിനും തങ്ങളുടെ വിവാഹം നടത്തുന്നതിലും പി ടിയാണ് മുന്‍കൈ എടുത്തത്.
തന്റെ അച്ഛന്റെ സ്മാരകപ്രഭാഷണങ്ങളൊക്കെ സംഘടിപ്പിച്ചത് പി ടിയുടെ നേതൃത്വത്തിലായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളിലും പിടിയും കുടുംബവും ഒപ്പമുണ്ടായിരുന്നു. അതുപോലെ പി ടിയുടെ കാര്യത്തില്‍ താനും അതായിരുന്നു തങ്ങള്‍ തമ്മിലുള്ള അടുപ്പം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലായിരുന്ന കാലത്ത് ആവേശത്തോടെ സ്വന്തം നിലപാടുകളില്‍ ഉറച്ച് നിന്ന് പോരാടുമ്പോഴും അതിന് ശേഷവും അക്കാലത്തെ എതിരാളികളോട് വളരെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയും മാത്രം ഇടപെട്ട നേതാവാണ് പി ടി. അത് അക്കാലത്ത് മഹാരാജാസില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. രാഷ്ട്രീയത്തിലെ അതിരുകളെ സ്‌നേഹം കൊണ്ട് മറികടന്ന നേതാവാണ് പി ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അറിയാവുന്ന എല്ലാവരിലും ആ വേര്‍പാട് ഏറെ ദുഃഖകരമായിരിക്കും.
പി ടി ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍ ഡിസംബര്‍ അഞ്ചിന് അദ്ദേഹത്തെ അവിടെ പോയി കണ്ടിരുന്നു. ഇത്ര പെട്ടെന്ന് തങ്ങളെ വിട്ടുപോകുമെന്ന് ഒരിക്കലും കരുതിയില്ല. കേരള സമൂഹത്തിനും രാഷ്ട്രീയത്തിനും മാത്രമല്ല വ്യക്തിപരമായി തന്നെ സംബന്ധിച്ചും തികച്ചും നികത്താനാവാത്ത നഷ്ടമാണ് പിടി യുടെ വേര്‍പാടിലൂടെ ഉണ്ടായിട്ടുള്ളത്.