ഓട് പൊളിച്ചല്ല പാര്‍ലമെന്റിലെത്തിയത്, പ്രധാനമന്ത്രി എല്ലാ പൗരന്റേയും അഭിമാനം: ഹൈക്കോടതി

കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയത് രൂക്ഷ വിമര്‍ശനത്തോടെ
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയത് രൂക്ഷ വിമര്‍ശനത്തോടെ. ഓട് പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയത് എന്നാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പരാമര്‍ശിച്ചത്. 

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ല അദ്ദേഹം. ജനവിധിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി പദം ഓരോ പൗരന്റേയും അഭിമാനമാകണം. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളോട് വിജോയിക്കാം. സര്‍ക്കാര്‍ നയങ്ങളെ കുറിച്ച് പരാതിയുണ്ടാകാം. എന്നാല്‍ അതെല്ലാം ജനാധിപത്യ മാര്‍ഗത്തിലൂടെയെ ആകാവു, ഹര്‍ജി തള്ളിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.   

നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം

രാഷ്ട്രീയക്കാര്‍ എല്ലാവരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അഴിമതിക്കാരാണെന്നുമുള്ള പൊതുധാരണ ഇപ്പോഴുമുണ്ട്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം രാജ്യത്തിന്റെ ചരിത്രം അറിയുന്ന പൗരന്മാര്‍ ഒരിക്കലും ഉയര്‍ത്തില്ല. പാര്‍ലമെന്റിന് തെറ്റ് പറ്റിയാല്‍ ജുഡീഷ്യറിക്ക് തിരുത്താനാവും. ജഡ്ജിമാര്‍ക്ക് തെറ്റ് പറ്റിയാല്‍ പാര്‍ലമെന്റിന് ഇംപീഷ് ചെയ്യാനാകും. അതാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം എന്നും കോടതി ചൂണ്ടിക്കാണിച്ചു. 

489 സീറ്റില്‍ 364 സീറ്റ് നേടിയാണ് രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നേടിയത്. 16 സീറ്റ് മാത്രമാണ് രണ്ടാമത്തെ വലിയ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത്. എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എകെ ഗോപാലനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുകയും അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയുമാണ് നെഹ്‌റു ചെയ്തത്. 

രാഷ്ട്രീയം മറന്ന് പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം

പ്രതിപക്ഷ നേതാവായ അടല്‍ ബിഹാരി വാജ്‌പേയിയെ ആണ് ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി പിവി നരസിംഹറാവു അയച്ചത്. ഇത്തരം മനോഹരമായ ചരിത്രം രാജ്യത്തിനുണ്ട്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം, ഭാവിയിലും അതായിരിക്കണം നമ്മുടെ പാരമ്പര്യം എന്നും ഹൈക്കോടതി പറഞ്ഞു. 

ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ

ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ ഉണ്ടോ എന്ന് സംശയിക്കണം എന്നും കോടതി വിലയിരുത്തി. ഒരു ലക്ഷം രൂപ ചെലവ് സഹിതമാണ് ഹര്‍ജി തള്ളിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ കോടതി ചെലവ് ഇനത്തില്‍ ഒരു ലക്ഷം രൂപ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com