ലോട്ടറി തട്ടിപ്പ്: സാന്റിയാഗോ മാര്‍ട്ടീന്റെ 19.59 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2021 03:15 PM |
Last Updated: 23rd December 2021 03:17 PM | A+A A- |

സാന്റിയാഗോ മാര്‍ട്ടിന്‍
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടീന്റെ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. നേരത്തെ 258 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ 277.59 കോടിയായി.
കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളുമുണ്ട്. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, ലോട്ടറി റെഗുലേഷന്‍ ആക്ടിന്റെ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷന്‍ ബ്യൂറോയും കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു.
ലോട്ടറി റെഗുലേഷന്‍ ആക്ട് 1998ലെ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഗൂഡാലോചന നടത്തുകയും, സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ കരാര്‍ ഉണ്ടാക്കിയതിലൂടെ 4500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. കരാര്‍ ഉണ്ടാക്കിയതിലൂടെ 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാര്‍ട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. അനധികൃതമായി സമ്പാദിച്ച തുക സാന്റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസില്‍ നിന്ന് സമ്പാദിച്ച തുക 40 കമ്പനികള്‍ വക വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു