ഗര്‍ഭം ആരുമറിയാതെ ഒളിപ്പിച്ചത് ഒമ്പതുമാസം; കുട്ടിയെ ആദ്യം കത്തിക്കാന്‍ ശ്രമിച്ചു; ആള്‍പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കുഴിച്ചിടാനുള്ള നീക്കവും പാളി; സിസിടിവിയില്‍ കുടുങ്ങി

മാസങ്ങള്‍ക്കു മുമ്പ് മകള്‍ക്കു വയറു വേദന ഉണ്ടായപ്പോള്‍ വയറില്‍ അമ്മ ചൂടു പിടിച്ചു കൊടുക്കുകയും മറ്റും ചെയ്തിരുന്നു
പ്രതികളായ അമൽ, മേഘ, മാനുവൽ എന്നിവർ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്
പ്രതികളായ അമൽ, മേഘ, മാനുവൽ എന്നിവർ/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ മൃതദേഹം കത്തിച്ചുകളയാനാണ് ആദ്യം പദ്ധതിയിട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ( 22), അയല്‍വാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവല്‍ ( 25), ഇവരുടെ സുഹൃത്ത് പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ ( 24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഗര്‍ഭിണിയാണെന്ന് അറിയാതെ വീട്ടുകാര്‍

എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. മാനുവല്‍ പെയ്ന്റിങ് തൊഴിലാളിയാണ്. രണ്ടുവര്‍ഷത്തിലേറെയായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ സാദാരണ സൗഹൃദം മാത്രമായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. യുവതി ഗര്‍ഭിണി ആയതും പ്രസവിച്ചതും അറിഞ്ഞില്ലെന്നും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. യുവതി ഗര്‍ഭിണി ആണെന്ന കാര്യം നാട്ടുകാരും അറിഞ്ഞിരുന്നില്ല. 

നിഷേധിച്ച് അച്ഛന്‍, സത്യമെന്ന് മകള്‍

ഗര്‍ഭിണിയാണെന്ന കാര്യം വിദഗ്ധമായി മറച്ചുപിടിച്ചാണ് ഒമ്പതുമാസവും യുവതി ജീവിച്ചത്. തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുമെന്ന് ഭയന്നാണ് വിവരം അറിയിക്കാതിരുന്നതെന്നാണ് മേഘ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം  ഇന്നലെ പുലര്‍ച്ചെ വരടിയത്തെ വീട്ടിലെത്തി മകള്‍ പ്രസവിച്ചുവെന്നും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചുവെന്നും മേഘയുടെ അച്ഛനോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ അച്ഛന്‍ ഇക്കാര്യം നിഷേധിച്ചു. അപ്പോള്‍  മേഘ തന്നെ പുറത്തു വന്ന് പൊലീസ് പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നുവത്രെ.

മാസങ്ങള്‍ക്കു മുമ്പ് മകള്‍ക്കു വയറു വേദന ഉണ്ടായപ്പോള്‍ വയറില്‍ അമ്മ ചൂടു പിടിച്ചു കൊടുക്കുകയും മറ്റും ചെയ്തിരുന്നു. അന്വേഷിച്ചപ്പോഴെല്ലാം ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാണെന്നാണ് മേഘ അമ്മയോട് പറഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു. ഇരുനില വീടാണ് മേഘയുടേത്. അച്ഛനും അമ്മയും താഴത്തെ നിലയിലാണ് കിടക്കുന്നത്. ശനിയാഴ്ച രാത്രി 11 മണിക്കാണ് യുവതി മുകള്‍ നിലയിലെ മുറിയില്‍ പ്രസവിക്കുന്നത്. പ്രസവിച്ച ഉടന്‍ തന്നെ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിലേക്ക് ഇട്ടതായി മേഘ പൊലീസിനോട് വെളിപ്പെടുത്തി. 

മൃതദേഹം കട്ടിലിന് അടിയില്‍ ഒളിപ്പിച്ചു

കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്തത്. പിന്നീട് കുളിച്ച് വസ്ത്രങ്ങള്‍ മാറി, വീട്ടുകാര്‍ അറിയാതിരിക്കാനായി പ്രസവാവശിഷ്ടങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ കൊണ്ടിട്ടു. കുഞ്ഞിനെ കൊന്ന കാര്യം കാമുകന്‍ മാനുവലിനെ വിളിച്ചറിയിച്ചു. കട്ടിലിന് അടിയില്‍ ഒളിപ്പിച്ച മൃതദേഹം പിറ്റേന്ന് രാവിലെയാണ് കാമുകന് കൈമാറിയത്. രാവിലെ 11ന് മാനുവലെത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി നശിപ്പിക്കാന്‍ കൊണ്ടുപോയി. സഹായത്തിനായി സുഹൃത്ത് അമലിനെയും മാനുവല്‍ കൂടെക്കൂട്ടി.  

കത്തിക്കാന്‍ ഡീസല്‍ വാങ്ങി

മൃതദേഹം ഡീസല്‍ ഒഴിച്ച് കത്തിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതിനായി പുഴക്കലിലെ പെട്രോള്‍ പമ്പില്‍ നിന്നും 150 രൂപയ്ക്ക് ഡീസല്‍ വാങ്ങിയിരുന്നു. എന്നാല്‍ അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു. കുഴിച്ചിടാന്‍ കണക്കുകൂട്ടി പേരാമംഗലത്തെ പാടത്തേക്കു പോയെങ്കിലും അവിടെ കൂടുതല്‍ ആളുകളെ കണ്ടതിനാല്‍ ആ ശ്രമവും ഫലം കണ്ടില്ല. തുടര്‍ന്നാണ് പൂങ്കുന്നത്തെ കനാല്‍ പരിസരത്ത് പോയി ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി.  മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും, കൊലപാതകം ആണെന്നും കണ്ടെത്തിയിരുന്നു. 

കുടുക്കായത് സിസിടിവി ദൃശ്യങ്ങള്‍

ചൊവ്വാഴ്ച രാവിലെ 9.30ന് ആണ് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് മുമ്പിലുള്ള കനാലില്‍ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്. 
സിസിടിവി ദൃശ്യങ്ങളില്‍ ഇതേ കവറുമായി രണ്ടു പേര്‍ ബൈക്കില്‍ വരുന്ന ദൃശ്യം കിട്ടിയതോടെ പൊലീസ് ദൃശ്യങ്ങളുമായി ആളുകളെ സമീപിച്ച് ഇതാരാണെന്നു കണ്ടെത്തുകയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവല്‍ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com