സാമൂഹ്യമാധ്യമങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍; രജിസ്റ്റര്‍ ചെയ്തത് 30 കേസുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2021 04:41 PM |
Last Updated: 23rd December 2021 04:41 PM | A+A A- |

തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ് .13 കേസുകള്‍. തിരുവനന്തപുരം റൂറല്‍ - ഒന്ന്, കൊല്ലം സിറ്റി -ഒന്ന്, ആലപ്പുഴ -രണ്ട്, കോട്ടയം -ഒന്ന്, തൃശൂര്‍ റൂറല്‍ -ഒന്ന്, പാലക്കാട് -നാല്, മലപ്പുറം -മൂന്ന്, കോഴിക്കോട് റൂറല്‍ - രണ്ട്, കാസര്‍കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
എറണാകുളം റൂറല്‍ ജില്ലയില്‍ നോര്‍ത്ത് പരവൂര്‍, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂര്‍ക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പെരൂമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് കസബ, ടൗണ്‍ സൗത്ത്, കൊപ്പം, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.