പിടി തോമസിന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജനാവലി; മുഖ്യമന്ത്രി വൈകീട്ടെത്തും - വിഡിയോ

നടന്‍ മമ്മൂട്ടി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി
പി ടി തോമസിന് നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കുന്നു/ ടെലിവിഷൻ ദൃശ്യം
പി ടി തോമസിന് നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കുന്നു/ ടെലിവിഷൻ ദൃശ്യം

കൊച്ചി: അന്തരിച്ച പിടി തോമസ് എംഎല്‍എയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി ഒഴുകിയെത്തുന്നു.. ജന്മനാടായ ഇടുക്കിയില്‍ നിന്നും പിടിയുടെ മൃതദേഹം രാവിലെ പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. അരമണിക്കൂര്‍ നേരമാണ് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചത്. നടന്‍ മമ്മൂട്ടി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേര്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 

തുടര്‍ന്ന് പിടി തോമസിന്റെ ഭൗതികദേഹം എറണാകുളം ഡിസിസി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ 20 മിനുട്ടു നേരമാണ് പൊതുദര്‍ശനത്തിന് വെച്ചത്. കെ സുധാകരന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍ തുടങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അടക്കം നിരവധി പേരാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡിസിസി ഓഫീസിലെത്തിയത്. ഇതിനുശേഷം കൊച്ചിയിലെ പൗരാവലിക്ക്  അന്തിമോപചാരം അര്‍പ്പിക്കാനായി എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ടൗണ്‍ഹാളില്‍ എത്തി പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കും. ഉച്ചയ്ക്ക് ശേഷം വൈകീട്ട് അഞ്ചുവരെ, പിടി തോമസിന്റെ മണ്ഡലമായ തൃക്കാക്കരയിലെ, കാക്കനാട് കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കാക്കനാട് കമ്യൂണിറ്റി ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി ജോസഫ് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലാപയാത്രക്കൊപ്പമുണ്ട്. 

ഇന്നു വൈകീട്ട് അഞ്ചരയ്ക്ക് പിടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. ഇന്നലെ രാവിലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഇടുക്കി ഉപ്പുതോടിലെ തറവാട്ടു വീട്ടിലെത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തറവാട്ടുവീട്ടിലെത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസിലും തുടര്‍ന്ന് തൊടുപുഴയിലേക്കും കൊണ്ടുപോയി. 

തൊടുപുഴയില്‍ പിടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും നിരവധി പേരാണ് തടിച്ചുകൂടിയത്. ഇതിനുശേഷമാണ് മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവന്നത്. അര്‍ബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാര ചടങ്ങുകള്‍. 

ചിതാഭസ്മം ഇടുക്കി ഉപ്പുതോട്ടില്‍ അമ്മയുടെ കുഴിമാടത്തില്‍ നിക്ഷേപിക്കണമെന്നാണ് പിടി തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. മൃതദേഹത്തില്‍ പൂക്കളോ, പുഷ്പചക്രങ്ങളോ പാടില്ലെന്നും, അന്ത്യോപചാര സമയത്ത് വയലാറിന്റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം വെക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com